പ്രമാടം : ജില്ലാ ആസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന പ്രമാടം ഗ്രാമത്തിന്റെ ഉറക്കം കെടുത്തി പന്നിയുടെയും കുറുക്കന്റെയും ശല്യം രൂക്ഷമാകുന്നു. രാപ്പകൽ വ്യത്യാസമില്ലാതെ കാട്ടുപന്നികൾ വ്യാപകമായി കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ വളർത്തുജീവികൾക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് കുറുക്കൻമാർ. പ്രമാടം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നുണ്ട്. കഴിഞ്ഞിടെ പ്രദേശത്തിറങ്ങിയ പന്നിക്കൂട്ടം ചേന, വാഴ , കാച്ചിൽ, ചീര , വെള്ളരി, മത്ത, വെണ്ട തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പകൽ സമയവും കാട്ടുപന്നി ഇറങ്ങിയതോടെ നാട്ടുകാർ ആശങ്കയിലാണ്. ഒറ്റതിരിഞ്ഞെത്തുന്ന പന്നികൾ കൃഷിയിടങ്ങളിൽ നിൽക്കുന്ന കർഷകർക്ക് നേരെയും ആക്രമണശ്രമം നടത്തുന്നുണ്ട്. കാട്ടുപന്നികളെ തുരത്താൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടാകാത്തത് വ്യാപക പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

തെരുവ്നായ ശല്യം രൂക്ഷം

പകൽ സമയങ്ങളിൽ കൂട്ടത്തോടെ എത്തുന്ന തെരിവുനായക്കൂട്ടം പ്രദേശത്തെ കർഷകരുടെ വളർത്ത് ജീവികളെ വ്യാപകമായാണ് ഭക്ഷണമാക്കുന്നത്. ആട്, പശു ഉൾപ്പടെയുള്ള വളർത്തു മൃഗങ്ങൾക്ക് നേരെയും ആക്രമണം നടക്കുന്നുണ്ട്. പ്രമാടത്തെ പത്തനംതിട്ട നഗരസഭയുമായി ബന്ധിപ്പിക്കുന്ന പാറക്കടവ് പാലം മുതൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ സാധനങ്ങളുടെയും ഇറച്ചികോഴികളുടെയും മറ്റും അവശിഷ്ടങ്ങളിൽ കവറുകളിലാക്കി രാത്രികാലങ്ങളിൽ തള്ളുന്നത് പതിവാണ്. ഇതാണ് തെരിവുനായകളുടെ ശല്യം ഈ പ്രദേശങ്ങളിൽ വർദ്ധിക്കാൻ കാരണം. രാത്രികാലങ്ങളിലാണ് കുറുക്കന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. കുറുക്കൻക്കൂട്ടം കോഴികളെയും താറാവിനെയും മറ്റും ഭക്ഷണമാക്കുന്നതിനൊപ്പം കർഷകരുടെ കൃഷിയിടങ്ങളിലും നാശം വിതയ്ക്കുന്നുണ്ട്.

................................

കർഷകർക്കു നേരെയും ആക്രമണം

...........................................

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീണിയായി മാറിയിരിക്കുന്ന ഇത്തരം മൃഗങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്തും വനം വകുപ്പും അടിയന്തര നടപടി സ്വീകരിക്കണം

(നാട്ടുകാർ)