
തിരുവല്ല: മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കംകുറിച്ച മഹാകവിയാണ് കുമാരനാശാനെന്ന് എസ്.എൻ.ഡി.പി.യോഗം ദേവസ്വംസെക്രട്ടറി അരയക്കണ്ടി സന്തോഷ് പറഞ്ഞു. എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷനിൽ ആശാൻ ദേഹവിയോഗം ശതാബ്ദിയാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവനെ കണ്ടുമുട്ടിയതാണ് കുമാരൻ എന്ന ബാലന്റെ ജീവിതത്തെ മാറ്റിമറിച്ചത്. ആശാന്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. വിദ്വാൻ, ഗുരു എന്നൊക്കെ അർത്ഥമുള്ള ആശാൻ എന്ന സ്ഥാനപ്പേര് സമൂഹം നൽകിയതാണ്. ആശാൻ ആശയ ഗംഭീരൻ, സ്‌നേഹ ഗായകൻ എന്നിങ്ങനെ ഒട്ടേറെ വിശേഷണങ്ങളിൽ അദ്ദേഹം അറിയപ്പെട്ടു. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാൻ ആധുനിക കവിത്രയത്തിലൊരാളുമാണ്. മദിരാശി സർവകലാശാലയാണ് മഹാകവി പട്ടം സമ്മാനിച്ച് കുമാരനാശാനെ ആദരിച്ചത്. ഗുരുവിന്റെ ഈശ്വരീയമായ ഭാവം വിസ്മരിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ,യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു,കൗൺസിലർമാരായ ബിജു മേത്താനം,രാജേഷ്‌കുമാർ ആർ, അനിൽ ചക്രപാണി, സരസൻ ടി.ജെ, മനോജ് ഗോപാൽ,പ്രസന്നകുമാർ, പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി,കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമ സജികുമാർ,സെക്രട്ടറി മണിയമ്മ സോമശേഖരൻ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ, എംപ്ലോയീസ് ഫോറം കോർഡിനേറ്റർ ഷാൻ രമേശ് ഗോപൻ, പെൻഷൻ കൗൺസിൽ ചെയർപേഴ്സൺ അംബികാപ്രസന്നൻ, കൺവീനർ ലളിതാ സുഗതൻ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കുശേഷം പ്രബോധതീർത്ഥ സ്വാമി പ്രഭാഷണം നടത്തി.
ഗുരുവിന്റെ കൃതികൾ വരദാനം:
ബിജു പുളിക്കലേടത്ത്
ശ്രീനാരായണ ഗുരുവിന്റെ കവിത്വം മലയാളത്തിലെ മറ്റൊരു കവിയിലും കാണാനാവില്ലെന്ന് അദ്ധ്യാപകനും പ്രഭാഷകനുമായ ബിജു പുളിക്കലേടത്ത് പറഞ്ഞു. മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിൽ കൃതികൾ എഴുതിയ കവിയാണ് ഗുരു. സംസ്‌കൃതഭാഷയിൽ വേദകാല സംസ്‌കൃതഭാഷയും പണ്ഡിതന്മാരുടെ ശൈലിയും ഗുരു അനായാസം എഴുതി. തമിഴിൽ പ്രാചീന തമിഴും സാധാരണക്കാരുടെ തമിഴും ഗുരുവിൽ നിന്ന് നമുക്ക് ലഭിച്ചു. കവികുല ഗുരുവായ ശ്രീനാരായണ ഗുരുവിന്റെ കൃതികൾ നമുക്ക് ലഭിച്ച വരദാനമാണെന്നും അദ്ദേഹം പറഞ്ഞു.
------------
കൺവെൻഷൻ നഗറിൽ
ഇന്ന്
രാവിലെ 9ന് ശാന്തിഹവനം
9.30ന് വിശ്വശാന്തി പ്രാർത്ഥന, ധ്യാനം
9.45ന് സംഘടനാ സമ്മേളനം ഉദ്ഘാടനം: തുഷാർ വെള്ളാപ്പള്ളി
10ന് പ്രഭാഷണം: സ്വാമി മുക്താനന്ദയതി
1ന് ഗുരുപ്രസാദ വിതരണം
1.30ന് പ്രഭാഷണം: ഡോ.മുരളീമോഹൻ
നാളെ
രാവിലെ 9ന് ശാന്തിഹവനം
9.30ന് വിശ്വശാന്തി പ്രാർത്ഥന, ധ്യാനം
9.45ന് കൃഷി,വ്യവസായം സമ്മേളനം ഉദ്ഘാടനം: മാത്യു ടി.തോമസ് എം.എൽ.എ
10ന് പ്രഭാഷണം: പ്രമീളാദേവി
12ന് പ്രഭാഷണം: സജീഷ് കോട്ടയം
1ന് ഗുരുപ്രസാദ വിതരണം
1.30ന് പ്രഭാഷണം: അജയകുമാർ വലിയുഴത്തിൽ