തിരുവല്ല: താലൂക്കിലെ വിവിധ സ്റ്റാൻഡുകളിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ പരാതികളെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി. ഡ്രൈവർമാർ ഹൃസ്വദൂര യാത്രകൾ നിരസിക്കുക, അമിതചാർജ് ഈടാക്കുക, ഫെയർ മീറ്റർ ഉപയോഗിക്കാതിരിക്കുക, സ്ത്രീ യാത്രക്കാരോട് അപമര്യാദയായി പെരുമാറുക എന്നിങ്ങനെ ദിനംപ്രതി വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്നാണ് പത്തനംതിട്ട ആർ.ടി.ഒ അൻസാരി, എൻഫോർസ്മെന്റ് ആർ.ടി.ഒ അജിത്ത് കുമാർ, തിരുവല്ല ജോയിന്റ് ആർ.ടി.ഒ ഡാനിയേൽ സ്റ്റീഫൻ എന്നിവരുടെ നിർദ്ദേശപ്രകാരം തിരുവല്ലയിലും പരിസര പ്രദേശത്തേയും ഓട്ടോറിക്ഷാ സ്റ്റാൻഡുകളിൽ മിന്നൽ പരിശോധന നടത്തിയത്. ബുധനാഴ്ച രാവിലെ മുതൽ വിവിധ സ്റ്റാൻഡുകളിലെത്തി വാഹനങ്ങൾ നിരീക്ഷിച്ച അധികൃതർ വീഴ്ച വരുത്തിയ ഇരുപതോളം വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. യൂണിഫോം ഇല്ലാതെയും മതിയായ രേഖകൾ ഇല്ലാതെയും വാഹനം ഓടിച്ച വിവിധ ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ഫെയർ മീറ്റർ പ്രവർത്തിപ്പിക്കാതെ സർവീസ് നടത്തിയ 12 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. ഓട്ടോ സ്റ്റാൻഡിൽ എത്തിയ യാത്രക്കാരോട് അവരുടെ യാത്രാനുഭവങ്ങൾ ചോദിച്ചറിഞ്ഞു. തിരുവല്ല സബ് ആർ.ടി ഓഫീസിലെയും പത്തനംതിട്ട എൻഫോഴ്സ്മെന്റ് ആർ.ടി.ഒയിലെയും ഉദ്യോഗസ്ഥരായ എ.എം.വി.ഐമാരായ ധനുമോൻ ജോസഫ്, ജയറാം, മനുമോൻ, എൻഫോർസ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ സ്വാതിദേവ്, ശങ്കർ, ഷമീർ, മനു വിശ്വനാഥ്‌ എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്. തുടർന്നുള്ള ദിവസങ്ങളിലും വാഹന പരിശോധന കർശനമാക്കുമെന്നും അമിത ചാർജ്ജ് വാങ്ങുന്ന ഓട്ടോറിക്ഷകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.