perumbambu
തീപിടുത്തത്തിൽ പൊള്ളലേറ്റ പെരുമ്പാമ്പ് മരത്തിൽ ചുറ്റി വരിഞ്ഞനിലയിൽ

അടൂർ : കന്നിമലയിലെ തീപിടിത്തം സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പശ്ചിമഘട്ട സംരക്ഷണ സമിതി കളക്ടർക്ക് പരാതി നൽകി. അടൂർ മണ്ണടിയിൽ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏറ്റവും ഉയരം കൂടിയ പ്രദേശമായ കന്നിമലയിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തം നാട്ടുകാരിൽ ആശങ്ക ഉളവാക്കുന്നു. പ്രദേശത്തെ തീപിടിത്തത്തിൽ ആളപായം ഇല്ലെങ്കിലും, ഇഴജന്തുക്കൾ അടക്കം നിരവധി ജീവജാലങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്. കാട്ടുപന്നിയെ തുരത്താൻ ആരോ ബോധപൂർവം ചെയ്തതാകാം എന്നും, കാട് തെളിക്കാൻ വേണ്ടി ആരോ മനഃപൂർവം തീ ഇട്ടതാകാം എന്നും സമീപവാസികൾക്ക് സംശയമുണ്ട്. കുറച്ച് വർഷങ്ങളായി മാർച്ച് ഏപ്രിൽ മാസങ്ങളിൽ കന്നിമലയിൽ തീപിടിത്തം ഉണ്ടാകാറുണ്ടെന്നും, അതിന്റെ കാരണങ്ങൾ ഇതുവരെ ബന്ധപ്പെട്ട വകുപ്പുകൾ അന്വേഷിച്ച് കണ്ടെത്തിയിട്ടില്ലെന്നും നാട്ടുകാർ ആരോപിച്ചു. പൊലീസ്, ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റുകൾ സംയുക്തമായി ശാസ്ത്രീയമായ അന്വേഷണം നടത്തി തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ഇനിയൊരു അപകടം ഉണ്ടാകുന്നത് തടയണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയിലാണ് കന്നിമലയിൽ തീപിടിത്തം ഉണ്ടായത്. നാട്ടുകാരും അഗ്‌നി ശമനസേനാ വിഭാഗവും ചേർന്ന് മണിക്കൂറുകളുടെ ശ്രമ ഫലമായാണ് തീ അണച്ചത്. അഗ്നിരക്ഷാസേനയുടെ വാഹനം കടന്ന് ചെല്ലാത്ത പ്രദേശത്ത് മുക്കാൽ കിലോമീറ്റർനടന്ന് കയറിയാണ് ഉദ്യോഗസ്ഥർ തീ അണച്ചത്.

.......................

വ്യാജരേഖകൾ ചമച്ച് ഏക്കറുകണക്കിന് സർക്കാർ ഭൂമി കൈവശപ്പെടുത്തിയവർക്കെതിരെ തെളിവുകൾ സഹിതം നിരവധി പരാതികൾ നൽകിയിട്ടും രാഷ്ട്രീയ സ്വാധീനത്തിൽ അന്വേഷണം അട്ടിമറിച്ചിരിക്കുകയാണ്.

അവിനാഷ് പള്ളീനഴികത്ത്

(പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ്)