valav

കോന്നി : 1979 മാർച്ച് 30, മലയാലപ്പുഴ നിവാസികളെ കണ്ണീരിലാഴ്ത്തിയ ദിനം. 45 വർഷങ്ങൾക്ക് മുമ്പ് 46 പേരുടെ ജീവനെടുത്ത അപകടത്തിന്റെ ഞെട്ടലിൽ നിന്ന് നാടിനിയും മോചനം നേടിയിട്ടില്ല. കുമ്പഴ ബസ് അപകടമെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയ ദുരന്തം കാണിക്കുന്നിൽപടിയിലെ വളവിലായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷിച്ച കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന നിർദ്ദേശം റോഡിന് വീതികൂട്ടി അപകടവളവ് നേരെയാക്കുകയെന്നതായിരുന്നു. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും വളവ് നേരെയാക്കാൻ നടപടിയായില്ല.

അപകട കാരണം

അമിത ഭാരം, റോഡിന്റെ ദുസ്ഥിതി , ജീവനക്കാരുടെ അനാസ്ഥ.

ബസിൽ 156 യാത്രക്കാർ.

അപകടം വന്നവഴി

മലയാലപ്പുഴയെ നഗരവുമായി ബന്ധപ്പെടുത്തിയിരുന്ന ഏക കെ.എസ്.ആർ.ടി.സി ബസ് ട്രിപ്പ് മുടക്കിയ ദിവസം. പിന്നെയുള്ളത് കൊല്ലത്തെ മോട്ടോർ സഹകരണ സംഘത്തിന്റെ, പുതുക്കുളം – ഓച്ചിറ റൂട്ടിൽ സർവീസ് നടത്തുന്ന കോമോസ് ബസ്. പുതുക്കുളത്തുനിന്നു ബസ് പുറപ്പെടുമ്പോൾ തന്നെ യാത്രക്കാർ നിറഞ്ഞിരുന്നു. മലയാലപ്പുഴ ക്ഷേത്രം ജംഗ്ഷനിൽ എത്തിയപ്പോൾ നിരവധി പേർ കയറി. രണ്ടു ബസിൽ കയറേണ്ട യാത്രക്കാരുമായി കോമോസ് യാത്ര തുടർന്നു. മയിലാടുംപാറ ഇറക്കം ഇറങ്ങിയപ്പോൾ ബസിന്റെ ബ്രേക്ക് നഷ്ടമായി. കുമ്പഴയിലെ കാണിക്കുന്നിൽ വളവ് തിരിയാതെ ബസ് മരത്തിലും മതിലിലുമായി ഇടിച്ചുനിന്നു. യാത്രക്കാർ ഞെരിഞ്ഞമർന്നു. 80 പേരെ വരെ ഉൾക്കൊള്ളാവുന്ന ബസിൽ 156 യാത്രക്കാർ ഉണ്ടായിരുന്നു.

മെഡിക്കൽ ക്യാമ്പും

മെഡിക്കൽ കോളേജ് സർവീസും

അപകടത്തിൽ ഗുരുതര പരിക്കേറ്റവർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായി. ഇവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവരുടെ തുടർ ചികിത്സയ്ക്കായും ആശുപത്രിയിൽ പോകാനായി കെ.എസ്.ആർ.ടി.സി പുതുക്കുളം - കോട്ടയം മെഡിക്കൽ കോളേജ് ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിച്ചു. കൂടാതെ പരിക്കേറ്റവർക്കായി പൊതീപ്പാട് എസ്.എൻ.ഡി.പി യു.പി സ്കൂളിൽ മാസങ്ങളോളം മെഡിക്കൽ ക്യാമ്പും നടന്നു.