dd

അടൂർ: ഏഴംകുളത്ത് കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയും സുഹൃത്തായ സ്വകാര്യ ബസ് ഡ്രൈവറും മരിച്ച അപകടം മനഃപൂ‌ർവം ഉണ്ടാക്കിയാതാണോ എന്ന് സംശയം. നൂറനാട് മറ്റപ്പള്ളി സുചീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ (37), ചാരുംമൂട് ഹാഷിം മൻസിലിൽ മുഹമ്മദ് ഹാഷി (31) എന്നിവരാണ് വെള്ളിയാഴ്ച രാത്രി ഏഴംകുളം പട്ടാഴിമുക്കിൽ നടന്ന അപകടത്തിൽ മരിച്ചത്. വെറെ വിവാഹിതരായ ഇരുവരും നാലുവർഷമായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. കാറിൽവച്ചുണ്ടായ വാക്കേറ്റത്തിനിടയിലാണ് അപകടമുണ്ടായത്.

തുമ്പമൺ നോർത്ത് ഗവ. ജി.എച്ച്.എസിലെ അദ്ധ്യാപികയായ അനുജ സഹഅദ്ധ്യാപകർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമൊപ്പം തിരുവനന്തപുരത്ത് വിനോദയാത്രയ്ക്കുപോയി മടങ്ങിവരികയായിരുന്നു. ഇവർ സഞ്ചരിച്ച ട്രാവലറിനെ കാറിൽ പിന്തുടർന്ന ഹാഷിം, കുളക്കട ഭാഗത്ത് എത്തിയപ്പോൾ ട്രാവലറിന് കുറുകെ കാർ നിറുത്തി. ട്രാവലറിന്റെ ഡോറിൽ തട്ടി അനുജയോട് ഇറങ്ങിവരാൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. അനുജ പെട്ടെന്ന് ഇറങ്ങി കാറിൽകയറി. കൊച്ചച്ചന്റെ മകനായ വിഷ്ണുവാണെന്നാണ് ഹാഷിമിനെക്കുറിച്ച് സഹ അദ്ധ്യാപകരോട് പറഞ്ഞത്. അനുജയുമായി അമിതവേഗത്തിൽ ഹാഷിം കാർ ഓടിച്ചുപോയി. അദ്ധ്യാപകർ അനുജയെ ഫോണിൽ വിളിച്ചപ്പോൾ അനുജ കരഞ്ഞുകൊണ്ട് ഫോൺ കട്ട് ചെയ്തു. പിന്നീട് ഫോണെടുത്തില്ല. അദ്ധ്യാപകർ അനുജയുടെ വീട്ടിൽ വിളിച്ച് അച്ഛനെയും ഭർത്താവിനെയും വിവരം അറിയിച്ചു. അപ്പോഴാണ് വിഷ്ണു എന്നൊരു ബന്ധു അനുജയ്ക്ക് ഇല്ലെന്ന് മനസിലായത്. അദ്ധ്യാപകർ വീണ്ടും വിളിച്ചപ്പോൾ താൻ സുരക്ഷിതയാണെന്ന് അനുജ പറഞ്ഞു. തുടർന്ന് അദ്ധ്യാപകർ അടൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. ഈ സമയം അനുജയുടെ അച്ഛനും സഹോദരനും സ്റ്റേഷനിലെത്തിയിരുന്നു. അല്പസമയത്തിനു ശേഷം കാറും ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായതായി പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചു. അമിത വേഗതയിലായിരുന്ന കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. അനുജ തൽക്ഷണം മരിച്ചു. ഹാഷിമിനെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും സംസ്കാരം നടത്തി. സ്കൂളിലേക്കുള്ള യാത്രാ മദ്ധ്യേ പരിചയപ്പെട്ട ഹാഷിമുമായുള്ള അനുജയുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഹാഷിം ഭാര്യയുമായി മൂന്നുവർഷമായി അകന്നുകഴിയുകയാണ്.

റിട്ട. അദ്ധ്യാപകരായ രവീന്ദ്രന്റെയും സുശീലയുടെയും മകളാണ് അനുജ. കായംകുളം സ്വദേശി ഹാൻജി തമ്പാനാണ് ഭർത്താവ്. ഏക മകൻ: അശ്വിൻ കൃഷ്ണ. മുഹമ്മദ് ഹാഷിമിന്റെ പിതാവ് ഹക്കീം. മാതാവ് സജീത. സ്വകാര്യ കോളേജ് അദ്ധ്യാപികയായ മലപ്പുറം സ്വദേശി ഷൈമയാണ് ഭാര്യ. ഏകമൾ: നൂറ.