മുണ്ടിയപ്പള്ളി : വൈ.എം.സി.എ. ജംഗ്ഷൻ മുണ്ടക്ക മണ്ണ് റോഡിലും സി.എം.എസ് ഹൈസ്‌കൂൾ ജംഗ്ഷൻ പുന്നിലം റോഡിലും കുടിവെള്ളം വിതരണം പതിവായി മുടങ്ങുന്നെന്ന് പ്രദേശവാസികളുടെ പരാതി. കുടിവെള്ളത്തിനായി ആഴ്ചകൾ കാത്തിരിക്കേണ്ട ഗതികേടിലാണ് നാട്ടുകാർ. വേനൽ കടുത്തതോടെ പല കിണറുകളിലും ജലനിരപ്പ് താഴ്ന്നു. ഇതോടെ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയതോടെ പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്. പ്രദേശത്ത് പതിവായി കുടിവെള്ള വിതരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇലവുങ്കൽ മല, കൊടുംനാട്ടും കുന്ന്, വള്ളംകുന്ന് പ്രദേശങ്ങളിൽ കടുത്ത കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നു. ഈ പ്രദേശങ്ങളിൽ ടാങ്കർ ലോറികളിൽ അടിയന്തരമായി കുടിവെള്ളം എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.