
പത്തനംതിട്ട : പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിന് സ്വന്തമായി വീടും ഭൂമിയുമില്ല. 9.60 ലക്ഷം രൂപയുടെ മൂല്യമുള്ള ഇരുപതിനായിരത്തോളം പുസ്തകങ്ങളാണ് പ്രധാന സമ്പാദ്യം.അനുജന്റെ തിരുവനന്തപുരത്തെ വീട്ടിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ഇന്നലെ നാമനിർദ്ദേശപത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങൾ. തിരുവനന്തപുരം ട്രഷറി സേവിംഗ്സ് ബാങ്കിൽ ആറായിരം രൂപയും പെൻഷനേഴ്സ് ട്രഷറി അക്കൗണ്ടിൽ 68,000 രൂപയും തിരുവനന്തപുരം സിറ്റിയിലെ എസ്.ബി.ഐ എസ്.ബി അക്കൗണ്ടിൽ 39,000 രൂപയും കെ.എസ്.എഫ്.ഇയുടെ സ്റ്റാച്യു ബ്രാഞ്ചിൽ സുഗമ അക്കൗണ്ടിൽ 36,000 രൂപയും ഇതേ ബ്രാഞ്ചിൽ സ്ഥിരനിക്ഷേപമായി 1.31 ലക്ഷം രൂപയുമുണ്ട്. കെ.എസ്.എഫ്.ഇയുടെ ഇതേ ബ്രാഞ്ചിൽ ചിട്ടിയുടെ തവണയായി 77,000 രൂപയോളം ഇതുവരെ അടച്ചിട്ടുണ്ട്. കൈവശമുള്ളത് 10,000 രൂപയാണ്. മലയാളം കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിൽ 10,000 രൂപയുടെ ഓഹരിയുമുണ്ട്.