ചെങ്ങന്നൂർ: എസ്എൻഡിപി യോഗം ചെങ്ങന്നൂർ യൂണിയൻ 97-ാം ടൗൺ ശാഖാ ഗുരുദേവ ക്ഷേത്രത്തിലെ ഒന്നാമത് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ വാർഷികത്തോട് അനുബന്ധിച്ച് മൂന്ന് ദിവസം നടന്ന മഹോത്സവം വർണ്ണശബളമായ താലപ്പൊലി ഘോഷയാത്രയോടെ സമാപിച്ചു. ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ നിന്ന് പകർന്ന ദീപം തെളിയിച്ച് കിഴക്കേനടയിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് ചെങ്ങന്നൂർ മഹാദേവ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികൾ, ഹിന്ദു ഐക്യവേദി ചെങ്ങന്നൂർ താലൂക്ക് കമ്മിറ്റി ഭാരവാഹികൾ എന്നിവർ സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് കെ.ദേവദാസ്, സെക്രട്ടറി സിന്ധു എസ് മുരളി എന്നിവർ താലപ്പൊലി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. നിരവധി കലാകാരന്മാർ അണിനിരന്ന ചെണ്ടമേളം, കരകം, പൂക്കാവടി, കളരിപയറ്റ്, തംബോലം, ഫ്ളോട്ടുകൾ, നൂറു കണക്കിന് പൂത്താലം ഏന്തിയ വനിത പ്രവർത്തകർ, ബാലികമാർ, പുരാണ കഥാപാത്രങ്ങൾ അണിനിരന്ന ദൃശ്യങ്ങൾ, നിരവധി നിശ്ചല ദൃശ്യങ്ങൾ, തൃശൂർക്കാവടി എന്നിവയുടെ അകമ്പടിയോടെ നടന്ന സമാപന ഘോഷയാത്ര പുത്തൻവീട്ടിൽപടി വണ്ടിമല ദേവസ്ഥാനം, ബഥേൽ ജംഗ്ഷൻ, എൻജിനീയറിംഗ് കോളേജ് ജംഗ്ഷൻ, ആശുപത്രി ജംഗ്ഷൻ വഴി ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്ന് തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ ദീപാരാധന, ദീപക്കാഴ്ച, പുഷ്പാഭിഷേകവും നടന്നു. പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് നടന്ന താലപ്പൊലി ഘോഷയാത്രയ്ക്ക് ഉത്സവ കമ്മിറ്റി ഭാരവാഹികളായ എം.ആർ വിജയൻ, വിനീത് മോഹൻ, അമ്പിളി മഹേഷ്, സുശീലൻ, അശോക് കുമാർ, പി.ആർ ഭാസ്കരൻ, ലൈല ഗോപകുമാർ, ഷാജി കൃഷ്ണൻ, സുശീലൻ.റ്റി, ദിലീപ് പാറക്കൂട്ടത്തിൽ, റെജി കെ.സി, രാജീവ് പി.എസ്, ശാഖാ യോഗം വനിതാ സംഘം, യൂത്ത് മൂവ്മെന്റ് , ബാലജനയോഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.