convent

 സിസ്റ്റർക്കെതിരെ പരാതി

തിരുവല്ല : തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആൻ കോൺവെന്റിന്റെ സ്നേഹഭവനിൽ കഴിഞ്ഞിരുന്ന ഓട്ടിസം ബാധിതനായ പതിനാറുകാരന് ക്രൂരമായ മർദ്ദനമേറ്റതായി പരാതി. മേപ്രാൽ അമ്പലത്തുംപറമ്പിൽ ആരോൺ ജയിംസിനാണ് മർദ്ദനമേറ്റത്. കോൺവെന്റിന്റെ ചുമതലയുള്ള സിസ്റ്റർ റോസിക്കെതിരെ ആരോണിന്റെ മാതാവ് അന്നമ്മ മാത്യു പൊലീസിൽ പരാതി നൽകി.

ആരോൺ ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. 2023 ജൂൺ 27നാണ് കുട്ടിയെ സ്നേഹ ഭവനിൽ എത്തിച്ചത്. മുമ്പും ഇവിടെവച്ച് മർദ്ദനമേറ്റിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ ക്രിസ്മസിനോട് അനുബന്ധിച്ച് വീട്ടിൽ എത്തിച്ച കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ചതിന്റെ പാടുകൾ കണ്ടിരുന്നു. പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന് അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. വീണ്ടും സ്നേഹഭവനിൽ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുമ്പോഴാണ് മർദ്ദനമേറ്റ നിരവധി പാടുകൾ കണ്ടത്. കുട്ടിയിൽ നിന്ന് കൃത്യമായ വിവരം ലഭിക്കാതിരുന്നതിനെ തുടർന്ന് സ്നേഹഭവൻ പ്രിൻസിപ്പൽ സിസ്റ്റർ ഷീജയെ ഫോണിൽ ബന്ധപ്പെട്ടു. കുട്ടി കോൺവെന്റിൽ നിന്ന് ഇറങ്ങിയോടി സമീപത്തെ ഒരു വീട്ടിൽ കയറിപ്പോൾ വീട്ടുടമസ്ഥ മർദ്ദിച്ചതാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. അടുത്ത ബന്ധുവായ തിരുവനന്തപുരം സ്വദേശിയെ അന്നമ്മ മാത്യു വിവരം അറിയിച്ചു. മർദ്ദിച്ച ആളുടെ മേൽവിലാസം ബന്ധു പ്രിൻസിപ്പലിനോട് ചോദിച്ചതോടെ കള്ളി വെളിച്ചത്തായി. പ്രിൻസിപ്പലും മറ്റ് രണ്ട് സിസ്റ്റർമാരും കുട്ടിയുടെ മേപ്രാലിലെ വീട്ടിലെത്തി മർദ്ദിച്ചത് സിസ്റ്റർ റോസി ആണെന്ന് പറഞ്ഞു. കുട്ടിയുടെ ശരീരത്തിലെ പാടുകൾ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പ്രകാരം മെഡിക്കൽ ഓഫീസർ എസ്. ശാലിനി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചു. പുളിക്കീഴ് പൊലീസെത്തി കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തു.