ചെങ്ങന്നൂർ: വഴിയിൽ നിന്നും കിട്ടിയ പണവും രേഖകളുമടങ്ങിയ പഴ്സ് ഉടമയ്ക്ക് തിരികെനൽകി സെക്യൂരിറ്റി ജീവനക്കാരൻ മാതൃകയായി. ചെങ്ങന്നൂർ കീഴ്ചേരിമേൽ മഠത്തിൽ പടിക്കൽ ശ്രീകുമാറിനാണ് പണവും എ.ടി.എം കാർഡുമുൾപ്പെടെ വിലപിടിപ്പുള്ള നിരവധി രേഖകളുമടങ്ങിയ പഴ്സ് ഇന്നലെ രാവിലെ 11ന് ചെങ്ങന്നൂർ ആൽത്തറ - കരയോഗം റോഡിൽ നിന്നും ലഭിച്ചത്. പരിശോധനയിൽ 20,430 (ഇരുപതിനായിരത്തി നാനൂറ്റി മുപ്പത് ) രൂപയും ഡ്രൈവിംഗ് ലൈസൻസ്, ആധാർ, പാൻ , വോട്ടര്‍ ഐ.ഡി , എ.ടി.എം. കാർഡുകളുമായിരുന്നു പഴ്സിലുണ്ടായിരുന്നത്. ശ്രീകുമാർ പേഴ്സ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചതിനെതുടർന്ന് നടന്ന അന്വേഷണത്തിൽ പഴ്സിന്റെ ഉടമ കീഴ്ചേരിമേൽ പാറയ്ക്കൽ വീട്ടിൽ കൃഷ്ണപ്രിയയാണെന്നു കണ്ടെത്തി. വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ ഉടമയ്ക്ക് പൊലീസ് സാന്നിദ്ധ്യത്തിൽ ശ്രീകുമാറിനെക്കൊണ്ടു തന്നെ പഴ്സ് തിരിച്ചേൽപിക്കുകയായിരുന്നു. ശ്രീകുമാറിനെ ഇൻസ്പെക്ടർ എസ്.എച്ച്.ഒ. ദേവരാജൻ, സബ് ഇൻസ്പെക്ടർ വിനോജ് , മറ്റു പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ അഭിനന്ദിച്ചു.