അടൂർ: കെ.എസ്.ആർ.ടി.സി. ബസ്റ്റാൻഡിൽ നടന്ന സംഘർഷത്തിൽ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പുതുശേരിഭാഗം വയല കപ്രയ്യത്ത് വീട്ടിൽ ബെജിൻ (26), പന്നിവിഴ ആനന്ദപ്പള്ളി കൈമലപുത്തൻവീട്ടിൽ അഖിൽ (22), അടൂർ മലമേക്കര കടയ്ക്കൽതെക്കതിൽ വീട്ടിൽ വിഷ്ണു (23) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഏറത്ത് മഹർഷിക്കാവ് മഹേഷ് ഭവനത്തിൽ മഹേഷ് (36) നാണ് മർദ്ദനത്തിൽ തലയ്ക്ക് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടിന് അടൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനുള്ളിലായിരുന്നുസംഭവം. തന്റെ കൂടെ ബസിൽ വരാൻ വിളിച്ചപ്പോൾ കൂടെ ചെല്ലാൻ തയാറാകാതിരുന്നതിനെ തുടർന്നുള്ള പ്രകോപനത്തിൽ ബെജിൻ മഹേഷിനെ പാറക്കല്ല് ഉപയോഗിച്ച് തലയ്ക്ക് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന അഖിലും വിഷ്ണുവും ബെജിന് ഒപ്പം ചേർന്ന് മഹേഷിനെ മർദ്ദിച്ചു . അടൂർ സി.ഐ. ആർ.രാജീവ്, എസ്.ഐ. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.