തിരുവല്ല: നാല്പതാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിന് ഇന്ന് കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ തുടക്കമാകും. 7ന് വിഷ്ണുസഹസ്രനാമജപം 7.30മുതൽ ഭാഗവത മാഹാത്മ്യ പാരായണം, ശ്രീമന്നാരായണീയ പാരായണം. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും യജ്ഞവേദിയിൽ സ്ഥാപിക്കുവാനുള്ള കൃഷ്ണവിഗ്രഹവും വഹിച്ചുള്ള ചൈതന്യരഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ഗ്രന്ഥവും കൊടിക്കൂറയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയും അമ്പലപ്പുഴയിൽ നിന്നും ആരംഭിച്ച കൊടിമര ഘോഷയാത്രയും വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഉച്ചയ്ക്ക് 12ന് തിരുവല്ല മുത്തൂർ ആൽത്തറ ജംഗ്ഷനിൽ സംഗമിക്കും. തുടർന്ന്
വാഹനങ്ങളുടെ അകമ്പടിയോടെ തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തിച്ചേരും. നാലിന് മഹാഘോഷയാത്രയായി താലപ്പൊലിയുടെയും കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ ബാലിക ബാലന്മാരും കൃഷ്ണവിഗ്രഹം ഏന്തിയ അമ്മമാരും അകമ്പടിയായി കാവുംഭാഗം ജംഗ്ഷനിൽ എത്തുമ്പോൾ രഥഘോഷയാത്രകൾക്ക് സ്വീകരണം നൽകും. അവിടെ നിന്നും സ്വീകരിച്ച് ക്ഷേത്രത്തിൽ എത്തിച്ചേരുന്ന കൃഷ്ണവിഗ്രഹം 4.30ന് സത്രവേദിയിൽ പ്രതിഷ്ഠിക്കും. തുടർന്ന് കൊടിയേറ്റ് നടക്കും. തുടർന്ന് സത്ര സമാരംഭ സഭ ആരംഭിക്കും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ മഹാസത്രം ഉദ്ഘാടനം നിർവഹിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എസ് പ്രശാന്ത് അദ്ധ്യക്ഷത വഹിക്കും. സന്യാസ ശേഷ്ഠരും , ആചാര്യൻമാരും സത്രത്തിൽ പങ്കാളികളാകും. തുടർന്ന് ഭാഗവതാചാര്യൻ സുബ്രഹ്മണ്യൻ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. 8 30ന് ഭജന നാമസങ്കീർത്തനത്തോടെ ആദ്യദിനത്തിന് സമാപനമാകും. തുടർന്നുള്ള ദിവസങ്ങളിൽ നൂറിലധികം ആചാര്യന്മാരും സന്യാസശ്രേഷ്ഠരും ഭാഗവതപണ്ഡിതന്മാരും ഒരേവേദിയിൽ 120ലധികം പ്രഭാഷണങ്ങൾ നടത്തും. ദിവസവും രാത്രി എട്ടുമുതൽ ക്ഷേത്രകലകൾ, കൃഷ്ണനാട്ടം,നൃത്തനൃത്യങ്ങൾ,നാമസങ്കീർത്തനം എന്നിവ സത്രവേദിയിൽ അരങ്ങേറും. എല്ലാദിവസവും നാലുനേരവും അന്നദാനം ഉണ്ടായിരിക്കും. ഏപ്രിൽ 11ന് സമാപിക്കും.