
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എം. തോമസ് ഐസക്കിന് മുഖ്യ വരണാധികാരിയായ ജില്ലാകളക്ടർ താക്കീത് നൽകി. കുടുംബശ്രീയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ചട്ടലംഘനം കണ്ടെത്തിയത്. പന്തളം തെക്കേക്കര പഞ്ചായത്തിൽ നടന്ന കുടുംബശ്രീ യോഗത്തിൽ പങ്കെടുത്തവർക്ക് വനിതാ വികസന കോർപ്പറേഷന്റെ വായ്പ നൽകുമെന്ന് സ്ഥാനാർത്ഥി വാഗ്ദാനം നൽകിയതായും കെ ഡിസ്‌കിന്റെ സൗകര്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നു എന്നുമായിരുന്നു പരാതി. കളക്ടർ എസ്. പ്രേംകൃഷ്ണൻ തോമസ് ഐസക്കിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. കുടുംബശ്രീ യോഗത്തിൽ വോട്ടു ചോദിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം മറുപടി നൽകിയെങ്കിലും യോഗത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ നിന്ന് ചട്ടലംഘനം നടന്നതായി കളക്ടർക്ക് ബോദ്ധ്യപ്പെട്ടു. ചട്ടലംഘനം ആവർത്തിക്കരുതെന്നാണ് താക്കീത് നൽകിയത്.