പത്തനംതിട്ട : പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നണികൾ കൊമ്പുകോർത്തു മുന്നേറുമ്പോഴും മൂന്നുമുന്നണികൾക്ക് പൊതുശത്രുവുണ്ട്. അത് പകൽച്ചൂടാണ്. ജില്ലയിലെ താപനില കഴിഞ്ഞ ദിവസം നാൽപ്പത് ഡിഗ്രിയും കടന്നതോടെ ജാഗ്രതയോടെയുള്ള നീക്കം നടത്തുകയാണ് സ്ഥാനാർത്ഥികൾ. കടുത്ത ചൂടിൽ സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനം മുൻപ് നടന്ന തിരഞ്ഞെടുപ്പുകളിലുണ്ടായിട്ടില്ലെന്ന് മൂന്ന് മുന്നണികളുടെയും നേതാക്കൾ പറയുന്നു. തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥികൾക്കും ഇരു ചക്രവാഹനങ്ങളിലെ അകമ്പടിക്കാർക്കും താളമേളക്കാർക്കും പൊള്ളുന്ന ചൂടിനോട് മല്ലിട്ട് നിൽക്കാൻ പ്രയാസമാകും. അതുകൊണ്ട് പര്യടന സമയക്രമത്തിൽ മാറ്റം വരുത്തി. രാവിലെ ഏഴ് മുതൽ പതിനൊന്നര വരെയും വൈകിട്ട് നാല് മുതൽ എട്ടുവരെയുമായി സമയം നിശ്ചയിച്ചിരിക്കുകയാണ്. എന്നാലും നിശ്ചയിച്ച സമയം പര്യടനം നടക്കണമെന്നില്ല. തുടങ്ങാനും അവസാനിക്കാനും വൈകുന്നതാണ് കാരണം. വോട്ടറെ കാണുമ്പോൾ ഒാടിച്ചെന്ന് കൈകൊടുക്കാനും താെഴാനുമുള്ള സമയം ആളിന്റെ എണ്ണം പോലെ ഏറിയും കുറഞ്ഞുമിരിക്കും.
ഐസക്കിന്റെ പര്യടനം ഇന്ന് തുടങ്ങും
എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ മണ്ഡല സ്വീകരണ പര്യടനടത്തിന് ഇന്ന് തുടക്കം കുറിക്കും. തിരുവല്ല മണ്ഡലത്തിൽ നിന്നാണ് പര്യടനം ആരംഭിക്കുന്നത്. രാവിലെ 7.30ന് പുറമറ്റം പഞ്ചായത്തിലെ ലത്തീൻ പള്ളിപടിയിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മല്ലപ്പള്ളി, കുന്നന്താനം, കല്ലൂപ്പാറ , ആനിക്കാട്, കവിയൂർ, പുറമറ്റം, കുറ്റൂർ, പെരിങ്ങര, നെടുമ്പ്രം, കടപ്ര ,നിരണം പഞ്ചായത്തുകളിലും തിരുവല്ല നഗരസഭയിലുമായി മുപ്പത് കേന്ദ്രങ്ങളിൽ ആദ്യദിനം സ്ഥാനാർത്ഥി സ്വീകരണമേറ്റുവാങ്ങും. രാത്രി 7.45ന് പരുമല സെന്റ് ഫ്രാൻസിസ് ജംഗ്ഷനിൽ പര്യടനം സമാപിക്കും.
സ്വീകരണ കേന്ദ്രങ്ങളിൽ വില കൂടിയ ഷാളുകളോ, പ്ലാസ്റ്റിക് മാലകളോ ഉണ്ടാകില്ല. പകരം പുഷ്പങ്ങളും പുസ്തകങ്ങളും ആയിരിക്കും ഉപഹാരങ്ങൾ. മുണ്ട്, തോർത്ത് എന്നിവയും സ്ഥാനാർത്ഥിയെ സ്വീകരിക്കാൻ ഉപയോഗിക്കാം, സ്വീകരണ ശേഷം പുസ്തകങ്ങൾ വായനശാലകൾക്ക് കൈമാറും. ഒപ്പം തോർത്തും മുണ്ടുകളും സർക്കാർ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നല്കും.
ആന്റോ ആന്റണി ആറിന് തുടങ്ങും
യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ മണ്ഡല പര്യടനം ആറിന് തുടങ്ങാനാണ് ആലോചന. സ്ഥലവും സമയപ്പട്ടികയും ഇന്നറിയാം. വീട്ടുമുറ്റ സദസുകളിൽ പങ്കെടുക്കുകയും പ്രമുഖ വോട്ടർമാരെയും സമുദായ നേതാക്കളെയും കണ്ട് വോട്ട് അഭ്യർത്ഥിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.
എൻ.ഡി.എ 10 മുതൽ
എൻ.ഡി.എ സ്ഥനാർത്ഥിയുടെ മണ്ഡല പര്യടനം 10ന് പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് ആരംഭിക്കും. ഉച്ചവെയിലിൽ പര്യടനം ഉണ്ടാകില്ല. സുമദായ നേതാക്കളെയും പ്രമുഖ വ്യക്തികളെയും കാണുകയാണ് സ്ഥാനാർത്ഥി. കുടുംബയോഗങ്ങളിലും പങ്കെടുക്കുന്നു.