തിരുവല്ല : അഭയകേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ പൊലീസ് കേസെടുത്തു. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആൻസ് കോൺവെന്റിന്റെ സ്നേഹ ഭവനിലെ സിസ്റ്റർ മർദ്ദിച്ചതായി മേപ്രാൽ അമ്പലത്തുംപറമ്പിൽ ആരോൺ ജെയിംസിന്റെ മാതാവ് അന്നമ്മ മാത്യു നൽകിയ പരാതിയിലാണ് അഭയകേന്ദ്രം പ്രിൻസിപ്പൽ സിസ്റ്റർ ഷീജ, ജീവനക്കാരി സിസ്റ്റർ റോസി എന്നിവർക്കെതിരെ കേസെടുത്തത്. സംഭവത്തിൽ ശിശുസംരക്ഷണ സമിതിയും നടപടി സ്വീകരിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ കുട്ടി ശനിയാഴ്ച ചാത്തങ്കരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിച്ചത്. കഴിഞ്ഞ ജൂൺ 27നാണ് സ്നേഹഭവൻ സ്പെഷ്യൽ സ്കൂളിൽ കുട്ടിയെ എത്തിച്ചത്. ക്രിസ്മസിന് വീട്ടിലെത്തിച്ച കുട്ടിയുടെ ശരീരത്തിൽ വടി ഉപയോഗിച്ച് മർദ്ദിച്ച പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത് പ്രിൻസിപ്പലിനോട് ചോദിച്ചപ്പോൾ അനുസരണക്കേടിന്റെ ഭാഗമായി അടിച്ചതാണെന്നും ക്ഷമിക്കണമെന്നും പറഞ്ഞിരുന്നു. തുടർന്ന് വീണ്ടും സ്നേഹഭവനിൽ എത്തിച്ച കുട്ടിയെ ഈസ്റ്ററിനോട് അനുബന്ധിച്ച് കഴിഞ്ഞദിവസം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നപ്പോൾ വീണ്ടും മർദ്ദിച്ചതിന്റെ മുറിപ്പാടുകൾ വീട്ടുകാർ കണ്ടെത്തി. അഭയകേന്ദ്രത്തിൽ ബന്ധപ്പെട്ടശേഷം വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു,