മാന്നാർ: അർബുദ രോഗത്തിന്റെ കഠിന വേദനയിലും സ്വന്തം വീടെന്ന സ്വപ്‌നവുമായി കഴിഞ്ഞിരുന്ന സിനുവിന് പണിതീരാത്ത വീട്ടിൽ അന്ത്യയാത്രയൊരുക്കി. മാന്നാർ വിഷവർശ്ശേരിക്കര ഇടത്തയിൽ വീട്ടിൽ സുഭാഷിന്റെ ഭാര്യ സിനു(48)വിനാണ് അന്ത്യാഭിലാഷം പൂർത്തീകരിക്കാനായി പണിതീരാത്ത അന്ത്യ യാത്രയൊരുക്കിയത്. രോഗക്കിടക്കയിൽ കഠിനമായ വേദനക്കിടയിലും തന്റെ വീട് പണി പൂർത്തീകരിച്ച് തന്റെ മക്കളെ സുരക്ഷിതമായി പാർപ്പിക്കണമെന്ന ആഗ്രഹത്തിലായിരുന്നു സിനു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സിനുവിന് ഗ്രാമപഞ്ചായത്തംഗങ്ങളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ സഹായ നിധി രൂപീകരിച്ച് ധന സമാഹരണം നടത്തിവരവേ വെള്ളിയാഴ്ചയായിരുന്നു വേദനയില്ലാത്ത ലോകത്തേക്ക് സിനു യാത്രയായത്.
മേസ്തരി പണിക്കാരനായിരുന്ന ഭർത്താവ് സുഭാഷിന് ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിൽ കുടുംബത്തിന്റെ പ്രാരാബ്ദം മുഴുവൻ സിനുവിന്റെ ചുമലിലായിരുന്നു. ഭർത്താവും മക്കളായ ജിത്തു,കണ്ണൻ ഭർതൃമാതാവും അടങ്ങുന്ന കുടുംബത്തെ കരകയറ്റുവാൻ സിനു ചെയ്യാത്ത ജോലികൾ ഇല്ലായിരുന്നു. ലൈഫ് പദ്ധതിയിൽ വീടിന്റെ പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥയിൽ വാടക വീട്ടിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെയാണ് പണി പൂർത്തീകരിക്കാത്ത വീട്ടിൽ എത്തിച്ചത്.
മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി, വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, ശാലിനി രഘുനാഥ്, മാവേലിക്കര പാർലമെന്റ് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാർ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവരുൾപ്പെട്ട വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം .