1
മണിമലയാറ്റിലെ തേലപ്പുഴക്കടവ് തൂക്കുപാലവും, ഇരുചക്ര വാഹന യാത്രികർ അഭ്യാസപ്രകടനം നടത്തുന്ന സമീപത്തെ മണൽപ്പരപ്പും.

മല്ലപ്പള്ളി : മണിമലയാറ്റിലെ തേലപ്പുഴക്കടവ് തൂക്കുപാലത്തിന് സമീപത്തെ മണൽപ്പരപ്പുകളിൽ ഇരുചക്ര വാഹന യാത്രികർ അഭ്യാസപ്രകടനം നടത്തുന്നതായി പ്രദേശവാസികളുടെ പരാതി. തൂക്കുപാലത്തിന്റെ കീഴിലായി ഒരു കിലോമീറ്ററോളം ദൂരത്തിലുള്ള മണൽപ്പരപ്പിലാണ് മിക്ക ദിവസങ്ങളിലും അഭ്യാസപ്രകടനം നടത്തുന്നത്. അപകട മരണങ്ങളുടെ പറുദീസയായ ഇവിടെ മുമ്പ് വാഹനങ്ങളിൽ എത്തുന്നവർ പുഴയിൽ ഇറങ്ങിയും തൂക്കുപാലത്തിൽ നിന്നും ഫോട്ടോകൾ പകർത്തുന്നതും പതിവാണ്. 38 പേരാണ് ഇവിടുത്തെ ചതുപ്പ് നിറഞ്ഞ വെള്ളത്തിൽ വീണു മരിച്ചിട്ടുള്ളത്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മുങ്ങിമരണം സംഭവിച്ചതും ഈ കടവിന് സമീപത്താണ്. സമീപ ജില്ലകളിൽ നിന്ന് നിരവധി ആളുകളാണ് ഇവിടെ വിനോദത്തിനായി എത്താറുള്ളത്. വാഹനങ്ങൾ ക്രമാതീതമായി കടന്നുവരുന്നതോടെ പ്രദേശവാസികളും ആശങ്കയിലാണ് . 2012 ദുരന്തനിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 122 മീറ്റർ നീളവും 1.20 മീറ്റർ വീതിയുമുള്ള പാലത്തിന്റെ നിർമ്മാണത്തിനായി 85, 20,672 രൂപ ചിലവഴിച്ചിരുന്നു. അവധി ദിവസങ്ങളിലും ഇടദിവസങ്ങളിലും ഇവിടെ ധാരാളം പേർ വന്നുപോകുന്നുണ്ട്. അപകടത്തിന്റെ വ്യാപ്തി അറിയാതെ പുഴയിൽ ഇറങ്ങുന്നതാണ് ഈക്കൂട്ടരെ മരണത്തിലേക്ക് എത്തിക്കുന്നത്. വേണ്ടത്ര മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും ഗാർഡുകളുടെ സേവനമില്ലാത്തതും ആശങ്ക ഉളവാക്കുന്നുണ്ട്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

പാലത്തിൽ ഒരേ സമയം പ്രവേശിക്കാവുന്നത് 6 പേർക്ക്

.............

തൂക്കുപാലത്തിന് 122 മീറ്റർ നീളം

1.20 മീറ്റർ വീതി

............

നിലവിൽ പുഴയിലെ കയത്തിൽ

മരണപ്പെട്ടവർ 38

ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചെത്തുന്ന യുവാക്കളോട് പുഴയിൽ വാഹന ഇറക്കുന്നത് ചോദ്യം ചെയ്താൽ വലിയ തർക്കത്തിനും സംഘട്ടനങ്ങൾക്കും ഇടയാകാൻ സാദ്ധ്യതയുള്ളതിനാൽ പ്രദേശവാസികളായ ഞങ്ങൾ നോക്കിനിൽക്കാൻ മാത്രമേ കഴിയുകയുള്ളു. വേനൽക്കാലത്തെങ്കിലും ഹോം ഗാർഡിന്റെ സേവനം ഉറപ്പുവരുത്തതിന് അധികാരികൾ നടപടി സ്വീകരിക്കണം.

സോമൻ, (പ്രദേശവാസി).