ccc
തെരുവ് നായ്‌ക്കളുടെ പിടിയിൽ

ക്ലാപ്പന : പഞ്ചായത്തിലെ പത്താം വാർഡിലെ വാഴമുക്ക് പ്രദേശത്തെ സാധാരണ ജീവിതം തെരുവ് നായ്‌ക്കളുടെ പിടിയിൽ. പ്രദേശത്തെ വലിയതറ പുരയിടമാണ് നായ്‌ക്കൾ താവളമാക്കിയിരിക്കുന്നത്. വിസ്‌തൃതിയുള്ള ആൾ പാർപ്പില്ലാത്ത ഈ പുരിയിടത്തിൽ വൈകിട്ട് കുട്ടികൾ കളിക്കുന്ന സമയം ഒഴികെ രാപ്പകൽ ഭേദമില്ലാതെ നായ്‌ക്കളുടെ വിഹാര കേന്ദ്രമാണ്. രാത്രി ഏറെ ഇരുട്ടുമ്പോഴും പകൽ സമയങ്ങളിൽ റോഡിൽ തിരക്ക് കുറയുമ്പോഴും നായ്‌ക്കൾ കൂട്ടമായി ഇറങ്ങുന്നു. കാൽനടക്കാരും സൈക്കിൾ ഉൾപ്പടെ ഇരുചക്ര വാഹനങ്ങളിൽ പോകുന്നവരും ആക്രമിക്കപ്പെട്ട നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. തീറ്റാൻ പുറത്ത് കെട്ടിയിയിരുന്ന ആടുകൾക്കും പശുക്കൾക്കും കടിയേൽക്കുന്നതിനാൽ ക്ഷീര കർഷകർ വളർത്തു മൃഗങ്ങളെ പുറത്തു വിടാറില്ല.പ്രദേശത്തെ ഒരു വീട്ടിൽ കൂടുകെട്ടി വലവിരിച്ചു വളർത്തിയിരുന്ന 30 കോഴികളെ ഒറ്റ രാത്രി കൊണ്ടു നായ്‌ക്കൾ കൂട്ടക്കുരുതി നടത്തിയ സംഭവം ആരെയും സങ്കടപ്പെടുത്തുന്നതാണെന്ന് നാട്ടുകാർ പറയുന്നു. വല കീറി കൂടിന്റെ പലകകൾ കടിച്ചു കീറിയായിരുന്നു ആക്രമണം.

റോഡരികിലെ കാടു നീക്കി വൃത്തിയാക്കിയാലും അനധികൃത അറവുശാലകളിൽ നിന്നുള്ള മാലിന്യം ഇവിടെ വലിച്ചെറിയുന്നത് പതിവാണ്. മാംസാവശിഷ്‌ടമാണ് നായ്‌ക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. നായ്‌ക്കൾ പെറ്റുപെരുകുന്നത് നിയന്ത്രിക്കാനുള്ള എ.ബി.സി പദ്ധതിക്കായി എല്ലാ വർഷവും തുക നീക്കി വെക്കുന്നത് ചടങ്ങായി. നായ്‌ക്കളെ വന്ധീകരിക്കാനുള്ള കേന്ദ്രമൊരുക്കാനുള്ള സ്ഥലത്തിന്റെ ദൗർലഭ്യതയാണ് തടസം. മറ്റ് പഞ്ചായത്തുകൾക്ക് കൂടി ചേർത്തു ഓച്ചിറ ബ്‌ളോക്ക് പഞ്ചായത്ത് കേന്ദ്രം ആരംഭിക്കുമെന്നാണ് പ്രതീക്ഷ.

പി.തങ്കമണി

പത്താം വാർഡ് മെമ്പർ

ക്ലാപ്പന പഞ്ചായത്ത്

എ.ബി.സി പദ്ധതിയിൽ പുതിയ നിബന്ധനകൾ കൂടി വന്നപ്പോൾ പഞ്ചായത്തുകൾക്ക് മാത്രമായി അത് അപ്രായോഗികമായി.തൊടിയൂർ പഞ്ചായത്തിൽ ഓച്ചിറ ബ്‌ളോക്കിലെ ആറ് പഞ്ചായത്തുകൾക്കുമായി ഷെൽറ്റർ അരംഭിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിനായി എല്ലാ പഞ്ചായത്തുകളും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.

ഒ. മിനിമോൾ

ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്