കുളത്തൂപ്പുഴ: വന്യ മൃഗങ്ങൾ കൃഷിക്കും ജീവനും ഒരു പോലെ ഭീഷണിയായതോടെ കുളത്തൂപ്പുഴ പഞ്ചായത്തിലെ ചോഴിയക്കോട് എട്ടാം വാർഡിൽ വനാതിർത്തിയോട് ചേർന്നു താമസിക്കുന്നവർ കർമ്മ സമിതി രൂപീകരിച്ച് വനം മന്ത്രിക്കും ജില്ലാ കളക്ടർക്കും ചീഫ് ഫോറസ്റ്ര് കൺസർവേറ്റർക്കും നിവേദനം നൽകി. വാർഡിലെ 70 ശതമാനത്തോളം പേർ വനാതിർത്തിയിൽ താമസിക്കുന്ന ഈ വാർഡിൽ രാപ്പകൽ ഭേദമന്യേ റോഡിൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ട്.
അടിയന്തര ശ്രദ്ധ പതിയേണ്ടുന്ന പ്രശ്നങ്ങൾ
സൗരോർജ്ജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴയത്ത് ആറ്റിലൂടെ ഒഴുകി വരുന്ന വൃക്ഷങ്ങളുടെ കൊമ്പുകൾ വേലികൾ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളിൽ ഉടക്കുന്നതോടെ വേലികൾ ദുർബലമാകുന്നു.
വേലിയിൽ കുടുങ്ങുന്ന കാട്ടുപോത്തുകളുടെ പരാക്രമത്തിൽ വേലികളിൽ വിള്ളലുണ്ടാകാനും തൂണുകൾ ഇളകാനും കാരണമാകുന്നു.
കാട്ടുപോത്ത്, കാട്ടുപന്നി, ആന, കുരങ്ങ് , മ്ലാവ് ,മരപ്പട്ടി ,വെരുക് തുടങ്ങിയ മൃഗങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. ഇത് മൂലം കാർഷിക വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നു.
കാട്ടാനകളെ തടയാൻ വനാതിർത്തിയിൽ തന്നെ കിടങ്ങുകൾ സ്ഥാപിക്കുക.
വനാതിർത്തിയിൽ നിന്ന് വീട്ടുപുരയിടങ്ങളിലേക്ക് ചാഞ്ഞു നിൽക്കുന്ന വൃക്ഷ ശിഖരങ്ങൾ വർഷത്തിൽ രണ്ട് തവണയെങ്കിലും മുറിച്ചു മാറ്റുക.
വനാതിർത്തിയിൽ നിന്ന് 500 മീറ്റർ അകലെയെങ്കിലും വെച്ചു തറക്കാടുകൾ വർഷത്തിൽ രണ്ട് തവണമുറിച്ചു മാറ്റുക. ഒരാൾ പൊക്കത്തിൽ വരെ വളരുന്ന ഈ കാടുകളുടെ മറവ് നീങ്ങിയാൽ വന്യ മൃഗങ്ങളെ വളരെ ദൂരത്ത് നിന്ന് കാണാൻ കഴിയും.
വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കണം
കൃഷി നാശത്തിന് അനുവദിക്കുന്ന നഷ്ടപരിഹാര തുക വർദ്ധിപ്പിക്കണം.മുപ്പത് ദിവസത്തിനകം വിതരണം ചെയ്യണം .
വന്യമൃഗ ശല്ല്യം രൂക്ഷമായ ഇടങ്ങളിൽ ഫോറസ്റ്റ് വാച്ചർമാരുടെ സേവനം ഉറപ്പു വരുത്തുക.
വനാതിർത്തിയോടെ ചേർന്നു താമസിക്കുന്നവർക്ക് വൈദ്യുതി നിരക്കിൽ ഇളവ് അനുവദിക്കുക.
വി.എസ്.എസിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ കിടപ്പ് രോഗികൾക്ക് ചികിത്സ, ക്ഷേമ പ്രവർത്തനങ്ങളായ പഠന സാമഗ്രികളുടെ വിതരണം, കോഴിക്കുഞ്ഞുങ്ങളുടെ വിതരണം എന്നിവയിൽ വന്യ ജീവി ആക്രമണത്തിന് ഇരയായവരെ ഉൾപ്പെടുത്തുക.
പകൽ പഞ്ചായത്ത് വഴികളിൽ കാട്ടുമൃഗങ്ങളെ മിക്കപ്പോഴും കാണുന്നു. രാത്രിയിൽ തീ കൂട്ടിയാൽ കാട്ടാന പിന്മാറും .പക്ഷെ കാട്ടുപോത്തിന് തീയും പടക്കവും പേടിയില്ല.
ജി.അശോകൻ പണയിൽ വീട്
ഡാലി കരിക്കം ഭാഗത്തെ 33 കുടംബങ്ങളുടെ ഇരുവശത്തും കാടാണ്.ആൾവാസമുള്ള സ്ഥലത്ത് നിന്ന് ഏകദേശം 2 കിലോമീറ്റർ ഉള്ളിലാണ് വളരെ അപകടാവസ്ഥയിലുള്ള കുടുംബം .