കൊല്ലം: സംസ്ഥാനത്ത് ചൂട് 40 ഡിഗ്രി വരെ ഉയർന്ന സാഹചര്യത്തിൽ പ്രതുകൂല സാഹചര്യങ്ങൾ നേരിടാൻ മുന്നൊരുക്കങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്രി. ജില്ലയിൽ താപനില ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് പുനലൂരിലാണ്. 38 ഡിഗ്രി.
ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസായ ശാസ്‌താംകോട്ട തടാകത്തെ വരൾച്ച കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും ജലചൂഷണം തടയാൻ ദുരന്ത നിവാരണ അതോറിറ്റി മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു.
കുടിവെള്ളത്തിനാണ് പ്രഥമ പരിഗണന. വീട്ടാവശ്യം, കന്നുകാലി പരിചരണം, കൃഷി, വ്യാവസായിക ആവശ്യം എന്നീ നിലകളിലാണ് മുൻഗണന. നിർമ്മാണാവശ്യത്തിന് ജലമെടുക്കുന്നത് ചൂഷണമായി കാണും. തടയുന്നതിനായി റവന്യു വകുപ്പ്, ജല അതോറിറ്റി, തദ്ദേശ സ്ഥാപനങ്ങൾ, പൊലീസ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളെ ഏകോപ്പിച്ചിട്ടുണ്ട്.
നിയന്ത്രണം നിർമ്മാണ രംഗത്തെ എത്രമാത്രം ബാധിക്കുമെന്ന റിപ്പോർട്ടുകളും ഔദ്യോഗികമായി തേടും. പരീക്ഷാ കാലമായതിനാൽ കുട്ടികൾക്ക് സൂര്യാതപം ഏൽക്കാതിരിക്കാനുള്ള കരുതൽ സ്വീകരിക്കേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്കും വനസമ്പത്തിനും തീ പിടിക്കാനുള്ള സാദ്ധ്യതയും വർദ്ധിച്ചിട്ടുണ്ട്. തൊഴിൽ വകുപ്പിന്റെ ഇടപെടലുകളും അതോറിറ്റി വിലയിരുത്തി. ദേശീയ ദുരന്തങ്ങളുടെ പട്ടികയിലാണ് വരൾച്ചയെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉൾപ്പെടുത്തിയിരിക്കുന്നത്.