tarin

കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽ പാതയിൽ സർവീസുകളുടെ വേഗത വർദ്ധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ദക്ഷിണ റയിൽവേ ജനറൽ മാനേജർ ആർ.എൻ.സിംഗ് എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. മധുര റെയിൽവേ ഡിവിഷൻ വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലം-ചെങ്കോട്ട റയിൽവേ ലൈനിലെ വേഗതാ പരിശോധന കഴിഞ്ഞമാസം റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ പൂർത്തീകരിച്ചു. ഇതിന്റെ റിപ്പോർട്ട് തയ്യാറാക്കിവരികയാണ്. വേഗത 80 കിലോമീറ്ററായി ഉയർത്തും.

സർവീസ് വർദ്ധിക്കുന്നതനുസരിച്ച് പുനലൂർ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമുകളുടെ എണ്ണം കൂട്ടും. കൊല്ലം-ചെങ്കോട്ട വൈദ്യുതീകരണം മാർച്ചിൽ കമ്മിഷൻ ചെയ്യാനാണ് ആലോചന. പാതയ്ക്ക് വേണ്ടിവരുന്ന 25 കെ.വി വൈദ്യുതി ചെങ്കോട്ടയിലെ സബ് സ്റ്റേഷനിൽ നിന്നെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തി. വൈദ്യുതീകരണം പൂർത്തിയാക്കി പരമ്പരാഗത കോച്ചുകളിൽ നിന്ന് എൽ.എച്ച്.ബി കോച്ചുകളിലേയ്ക്ക് ട്രെയിൻ സർവീസ് മാറുന്ന മുറയ്ക്ക് വിസ്റ്റോഡോം കോച്ച് ഘടിപ്പിക്കുന്നതും പരിഗണിക്കും.

വികസനത്തിനൊപ്പം കൂടുതൽ സ‌ർവീസുകളും

 പുനലൂർ - ചെങ്കോട്ട വഴി തിരുപ്പതിയിലേയ്ക്ക് ട്രെയിൻ സർവീസിന് ആലോചന

 കിളികൊല്ലൂർ സ്റ്റേഷനിൽ മേൽനടപ്പാത, രണ്ടാം പ്ലാറ്റ്‌ ഫോമിന്റെ ഉയരം കൂട്ടൽ തുടങ്ങി പദ്ധതിയായി

 ഇടമൺ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കാൻ അനുമതി

 കുണ്ടറ, ഒറ്റയ്ക്കൽ സ്റ്റേഷനുകളിലെ ഒന്നാം പ്ലാറ്റ്‌ ഫോമിന്റെ ഉയരം വർദ്ധിപ്പിക്കാൻ അനുമതി

 ഭഗവതിപുരം, തെന്മല സ്റ്റേഷനുകളിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകളുടെ ഉയരം വർദ്ധിപ്പിക്കാൻ അനുമതി

 ചന്ദനത്തോപ്പ്, കഴുതുരുട്ടി, ഇടപ്പാളം സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമിന്റെ ഉയരം വർദ്ധിപ്പിക്കും

 ന്യൂ ആര്യങ്കാവ്, ആര്യങ്കാവ് സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമിന്റെ ഉയരം വർദ്ധിപ്പിക്കുന്നതിനൊപ്പം മേൽക്കൂര സ്ഥാപിക്കും

പുനലൂർ സ്റ്റേഷനിൽ

സ്റ്റേഷൻ വികസനത്തിന് അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി. ഒന്നാം ഘട്ടമായി ഉയർന്ന ക്ലാസിലേയ്ക്കുള്ള കാത്തിരിപ്പ് കേന്ദ്രം, പ്ലാറ്റ്‌ഫോം മേൽക്കൂര, ലിഫ്ട്, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് മേൽക്കൂര, ദിവ്യഞ്ജാൻ സൗകര്യങ്ങൾ ഏർപ്പെടുത്തും. രണ്ടാം ഘട്ടത്തിൽ രണ്ടാം പ്രവേശന കവാടത്തിന്റെ നിർമ്മാണവും ഉൾപ്പെടുത്തും.

പുനലൂർ-കൊല്ലം-പുനലൂർ പാസഞ്ചർ സർവീസുകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം യോഗത്തിൽ ഉന്നയിച്ചു. കൊല്ലം-ചെങ്കോട്ട പാതയിൽ വൈദ്യുതി എൻജിൻ ഉപയോഗിച്ചുള്ള ട്രെയിനുകൾ ഓടിത്തുടങ്ങുന്ന മുറയ്ക്ക് കൂടുതൽ മെമു സർവീസുകൾ ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

എൻ.കെ.പ്രേമചന്ദ്രൻ എം.പി