nnn
വേനൽ

കൊട്ടാരക്കര: പൊള്ളുന്ന ചൂടിൽ കാർഷിക വിളകൾക്ക് നാശം. ഏത്തവാഴകൾ പാകമെത്താത്ത കുലയോടെ ഒടിഞ്ഞുവീഴുന്നു. താലൂക്കിന്റെ ഒട്ടുമിക്ക മേഖലയിലും കൃഷിനാശം വ്യാപകമായിട്ടുണ്ട്. ബാങ്ക് വായ്പയും മറ്റ് വായ്പകളെടുത്തും പ്രതീക്ഷയും കണക്കുകൂട്ടലുകളുമായി വാഴക്കൃഷി ചെയ്തവരെല്ലാം വലിയ നഷ്ടത്തിന്റെ കെണിയിലായി. പാതി വിളവെത്തിയ കുലകൾക്ക് വിലനൽകാൻ വ്യാപാരികളും തയ്യാറാകുന്നില്ല. പച്ചക്കറി വ്യാപാരികൾക്കും ഏത്തക്കുലകളോട് പ്രിയമില്ലാതെ വന്നതോടെ കന്നുകാലികൾക്ക് തീറ്റയായി നൽകുകയാണ് പലരും.

വാഴക്കൃഷി നശിച്ചു

പവിത്രേശ്വരം പഞ്ചായത്തിലെ മാറനാട് രാജേഷ് ഭവനിൽ രാജേഷിന്റെ അറുന്നൂറിൽപ്പരം കുലച്ച വാഴകളാണ് ഒടിഞ്ഞുവീണത്. കടലായ്മഠം ക്ഷേത്രത്തിന് സമീപത്തെ ഒരേക്കർ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്തത്. ചെറുപൊയ്ക ഉപ്പൂട് ഭാഗത്ത് 700 വാഴകകൾ ഒടിഞ്ഞു വീണു. പുത്തൂർ, വെണ്ടാർ, കോട്ടാത്തല, തേവലപ്പുറം ഭാഗങ്ങളിൽ വലിയ തോതിൽ വാഴക്കൃഷി നശിച്ചിട്ടുണ്ട്. നെടുവത്തൂർ പഞ്ചായത്തിലെ കോട്ടാത്തല ശ്രീലകത്ത് ശ്രീകുമാറിന്റെ ഇരുന്നൂറ് ഏത്തവാഴകൾ കുലയോടെ ഒടിഞ്ഞുവീണ് നശിച്ചു.

കനാൽ വെള്ളം എത്താറില്ല

വേനൽക്കാലത്തിന്റെ ആരംഭത്തിൽത്തന്നെ ജലക്ഷാമം നേരിടുന്ന ഭാഗങ്ങളിലാണ് കൃഷിനാശം സംഭവിച്ചിരിക്കുന്നത്. ഇവിടെ കനാൽ വെള്ളവും എത്താറില്ല. കനാൽ ഉള്ള ഭാഗങ്ങളിൽ ഇപ്പോൾ വെള്ളം എത്തിയത് ആശ്വാസമായിട്ടുണ്ട്. വേനൽ കടുത്താൽ കൂടുതൽ കൃഷിയിടങ്ങളും വലിയ നാശത്തിലേക്ക് മാറും. കിണറുകളിൽ വെള്ളം വലിയതോതിൽ കുറഞ്ഞു. തോടുകളും നീർച്ചാലുകളുമെല്ലാം ജനുവരിയിൽത്തന്നെ വറ്റി വരണ്ടിരുന്നു. വേനൽമഴയുണ്ടായില്ലേൽ വരൾച്ചയുടെ തോത് കൂടും. പഞ്ചായത്ത്, റവന്യൂ അധികൃതർ കുടിവെള്ളം വിതരണം ചെയ്യുന്നതിന് കാര്യമായ ഇടപെടൽ ഇനിയും നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ടതിനാൽ ഇക്കൂട്ടർ വേനലിന്റെ ദുരിതങ്ങളെ അവഗണിക്കുകയാണ്.