അഞ്ചൽ: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷ്ടിച്ച സ്വർണമാല സമീപത്തെ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ ഉപേക്ഷിച്ച നിലയിൽ. ഇടയം സിന്ധു ഭവനിൽ സിന്ധുവിന്റെ ഒന്നരപവന്റെ സ്വർണമാലയാണ് സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽ നിന്ന് ലഭിച്ചത്.വ്യാഴാഴ്ച വൈകിട്ട് ക്ഷേത്രം അധികൃതർ വഞ്ചി തുറന്ന് പണം എടുക്കുന്നതിനിടെയാണ് സ്വർണമാല ലഭിച്ചത്. സംശയം തോന്നിയ ക്ഷേത്രം ഭാരവാഹികൾ മാല അഞ്ചൽ പൊലീസ് സ്റ്റേഷനിലെത്തി കൈമാറി. രണ്ടാഴ്ച മുമ്പാണ് സിന്ധുവിന്റെ വീട് കുത്തിത്തുറന്ന് സ്വർണമാലയും പതിനായിരത്തോളം രൂപയും മോഷ്ടിച്ചത്. പൊലീസ് സിന്ധുവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി കളവ് പോയ മാലയാണെന്ന് ഉറപ്പു വരുത്തി.