arrest
വിനോദ്

കൊല്ലം: പോസ്റ്റോഫീസ് കെട്ടിടത്തിനുള്ളിൽ കയറി സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. തൊടിയൂർ, വേങ്ങറ, കാരക്കാവിളയിൽ വിനോദ്(45) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ പേരിലുണ്ടായിരുന്ന അഞ്ചര സെന്റ് സ്ഥലം തൊടിയൂർ സ്വദേശിനിയായ ഗിരിജ എന്ന സ്ത്രീ പണം കൊടുത്ത് വാങ്ങിയിരുന്നു.

എന്നാൽ ഇത് വ്യാജരേഖ ഉണ്ടാക്കി തട്ടിയെടുത്തതാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ തൊടിയൂർ പോസ്റ്റോഫീസിലേക്ക് വരികയായിരുന്ന ഗിരിജയെ ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. പ്രാണരക്ഷയ്ക്കായി പോസ്റ്റോഫീസിനുള്ളിലേക്ക് ഓടിക്കയറിയ ഗിരിജയെ ഇയാൾ വെട്ടി പരിക്കേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റ് മാസ്റ്ററും മറ്റ് ജീവനക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു.

സ്ത്രീയെ അസഭ്യം പറഞ്ഞതിനും ആക്രമിച്ചതിനും പോസ്റ്റോഫീസ് ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും കരുനാഗപ്പള്ളി പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷമീർ, ഷിജു, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്, സി.പി.ഓ സരൺ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.