കൊല്ലം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തിരുമുല്ലവാരം- തോട്ടുമുക്കത്ത് ഓമനക്കുട്ടൻ പിള്ളയുടെ മകൻ ഹരിമോന് കൊല്ലം മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജ് പ്രസന്ന ഗോപൻ 62.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായി.
2018 ജൂലായ് 6ന് വൈകിട്ട് 3ന് കൊല്ലം-തിരുവനന്തപുരം റോഡിൽ സുഹൃത്തിനൊപ്പം മോട്ടോർ ബൈക്കിൽ സഞ്ചരിക്കവെ കടുവപള്ളിക്ക് സമീപം കെ.എസ്.ആർ.ടി.സിയുടെ മിന്നൽ ബസ് ഇടിക്കുകയായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിലും ഇ.എസ്.ഐ ആശുപത്രിയിലും കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയ്ക്കും വിധേയനായിട്ടുണ്ട്. അപകടത്തിൽ ഹരിമോന്റെ ഇരു കൈയ്ക്കും ഗുരുതരമായ പരിക്കേൽക്കുകയും വലത് കൈയുടെ ചലനശേഷി ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തു. അപകട കാലയളവിൽ ഹരിമോൻ മുളങ്കാടകം സൺ മാർക്കറ്റിംഗ് കമ്പനിയിലെ ഡ്രൈവറായിരുന്നു. തൊഴിലും വരുമാനവും സംബന്ധിച്ച തെളിവും ആലപ്പുഴ മെഡിക്കൽ ബോർഡിൽ നിന്നുള്ള അവശത സർട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് കോടതിവിധി. കേസ് കോടതിയിൽ ഫയൽ ചെയ്ത നാൾ മുതലുള്ള 8 ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെയാണ് 62.5 ലക്ഷം വിധിച്ചത്.
കെ.എസ്.ആർ.ടി.സി ബസിന്റെ ഇൻഷ്വറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനിയാണ് ഹരിമോന് നഷ്ടപരിഹാരം നൽകേണ്ടത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ മുഹമ്മദ് സുജിത്ത്, ജെ.ഭുവനചന്ദ്രൻ എന്നിവർ ഹാജരായി.