കടയ്ക്കൽ: പകൽസമയം വീടുകളിൽ ആളില്ലാത്ത തക്കം നോക്കി അതിക്രമിച്ചു കയറി
സാധന സാമഗ്രികളും വിലപിടിച്ച ഇരുമ്പ് സാധനങ്ങളും മോഷ്ടിക്കുന്ന സംഘം ചിതറ പൊലീസിന്റെ പിടിയിലായി. മണ്ണാറക്കോട് ലാലു ഭവനിൽ സൈമൺ ലാലു (42) ,പേഴുംമൂട് വയലിറക്കത്ത് വീട്ടിൽ സനൽകുമാർ(36) പേഴുംമൂട് ബൈജു ഭവനിൽ ബൈജു(39), പേഴുംമൂട് രാജു നിവാസിൽ രാഹുൽ (28),എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിതറ വില്ലേജിൽ വളവുപച്ച , പേഴുംമൂട്, മണ്ണറക്കോട് കളിയിൽ പുത്തൻവീട്ടിൽ
ഷാനവാസ് റാവുത്തരുടെ കുടുംബ വീട്ടിലാണ് ഏറ്റവും ഒടുവിൽ മോഷ്ടാക്കൾ കയറിയത്. വീട്ടിൽ നിന്ന് 50 കിലോയോളം തൂക്കം വരുന്ന ലോറിയുടെ പ്ലേറ്റുകളും ഇരുമ്പ് സാധനങ്ങളും പ്രതികൾ മോഷ്ടിച്ചു. തുടർന്ന്
ചിതറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ചിതറ സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ
നടത്തിയ അന്വേഷണത്തിനൊടുവിൽ നാല് മോഷ്ടാക്കളെ പിടികൂടി.
ഇവർ മോഷ്ടിച്ച സാധനങ്ങളെല്ലാം ആക്രിക്കടയിൽ നിന്ന്
കണ്ടെടുത്തു. സൈമൺ ലാലു കടക്കൽ, ചിതറ പൊലീസ് സ്റ്റേഷനുകളിലെ
നിരവധി മോഷണക്കേസിലെ പ്രതിയാണ്.
പ്രതികളെ കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.