കൊല്ലം: ശാസ്താംകോട്ടയിൽ കശുഅണ്ടി തൊഴിലാളിയായ വൃദ്ധ ആത്മഹത്യ ചെയ്ത സംഭവത്തിൽ നാടാകെ പ്രതിഷേധം ശക്തമാകുന്നു. ശാസ്താംകോട്ട പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കരിന്തോട്ടുവ കുഴീക്കരികത്തിൽ ബിന്ദു ഭവനിൽ ഓമനയുടെ (74) മരണവുമായി ബന്ധപ്പെട്ടാണ് പ്രതിഷേധം.
മരം കയറ്റ തൊഴിലാളിയായിരുന്ന ഭർത്താവ് വേലായുധന് ആരോഗ്യ പ്രശ്നങ്ങൾ രൂക്ഷമായതോടെ ജോലിക്ക് പോകാനാകാതെ കുടുംബം കഴിഞ്ഞ അഞ്ച് വർഷമായി കടുത്ത സാമ്പത്തിക പ്രതിസന്ധിലായി. ഇതിനിടെ ഓമനയ്ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായി. വലിയ ആശ്വാസമായിരുന്ന സർക്കാരിന്റെ ക്ഷേമ പെൻഷനും ആറ് മാസമായി കിട്ടുന്നില്ല. മക്കളായ രേണുകയ്ക്കും ബിന്ദുവിനും രോഗങ്ങളുണ്ട്. കുടുംബത്തെ സഹായിച്ചിരുന്ന ഓമനയുടെ സഹോദരൻ കിണറ്റിൽ വീണ് പരിക്കേറ്റ് ചികിത്സയിലാണ്. ഇങ്ങനെ പലവിധ പ്രശ്നങ്ങൾ ഓമനയും കുടുംബവും നേരിട്ടിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് തങ്ങാകേണ്ട ക്ഷേമ പെൻഷൻ സർക്കാർ ആറ് മാസമായി നൽകാത്തതിനെതിരെയാണ് ഓമനയുടെ മരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം ശക്തമാക്കുന്നത്.
അനുശോചനം അറിയിക്കാനെത്തിയ ഇടത്, വലത് മുന്നണി പ്രവർത്തകർ തമ്മിൽ മരണകാരണത്തെ ചൊല്ലി ഓമനയുടെ വീട്ടുപരിസരത്ത് വച്ച് ഇന്നലെ വാക്കുതർക്കവുമുണ്ടായി.