ശാസ്താംകോട്ട: സർക്കാർ പെൻഷൻ വിതരണത്തിൽ കാലതാമസം വരുത്തിയതിനെ തുടർന്ന് പട്ടിണിയിലായ അതിദാരിദ്ര കുടുംബത്തിലെ പട്ടികജാതിക്കാരിയും കശുഅണ്ടി തൊഴിലാളിയുമായിരുന്ന വൃദ്ധ ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ആവശ്യപ്പെട്ടു.

പെൻഷൻ തുക ഉപയോഗിച്ച് ജീവിതം കഴിച്ചുകൂട്ടുന്ന സാധാരണക്കാർ മരുന്ന് വാങ്ങാനും ഭക്ഷണം കഴിക്കാനും മറ്റും തുക സമയത്ത് ലഭിക്കാതെ സ്വയം ജീവൻ വെടിയുമ്പോൾ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാർ ആലസ്യത്തിലാണ്. ജനങ്ങൾക്ക് മരണ കയർ സമ്മാനിക്കുന്ന പിണറായി സർക്കാർ നാടിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

ശാസ്താംകോട്ടയിൽ ആത്മഹത്യ ചെയ്ത വീട്ടമ്മ രോഗിയായ ഭർത്താവിനും മക്കൾക്കും മരുന്നുവാങ്ങാനും ഭക്ഷണത്തിനും നിവൃത്തിയില്ലാതെ, പെൻഷൻ തുക ലഭിക്കാത്തതിനെ കുറിച്ച് അന്വേഷിച്ച് പഞ്ചായത്തിലും വില്ലേജ് ഓഫീസിലും എത്തിയിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് നീതി ലഭിക്കാതെ വന്നതോടെയാണ് ഓമന ആത്മഹത്യ ചെയ്തതെന്ന് വ്യക്തമായിട്ടുണ്ടെന്നും ഗോപകുമാർ ആരോപിച്ചു.