
കടയ്ക്കൽ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാനിറങ്ങിയ ഗൃഹനാഥൻ ശ്വാസം കിട്ടാതെ കുഴഞ്ഞുവീണ് മുങ്ങിമരിച്ചു. ആടും ചത്തു. ആൽത്തറമൂട് അരിനിരത്തുംപാറ അശ്വതി ഭവനിൽ ഉണ്ണിക്കൃഷ്ണക്കുറുപ്പാണ് (72) മരിച്ചത്. ഇന്നലെ വൈകിട്ട് 4.50നായിരുന്നു ദാരുണ സംഭവം.
വീട്ടുപുരയിടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷിക്കാൻ ഇറങ്ങിയതായിരുന്നു ഉണ്ണിക്കൃഷ്ണക്കുറുപ്പ്. വായു സഞ്ചാരമില്ലാത്ത കിണറ്റിനടിയിലെത്തിയപ്പോൾ ശ്വാസം കിട്ടാതെ വെള്ളത്തിലേയ്ക്ക് കുഴഞ്ഞ് വീഴുകയായിരുന്നു.
45 അടി താഴ്ചയുള്ള കിണറ്റിൽ 10 അടിയോളം വെള്ളമുണ്ടായിരുന്നു. തൊടികൾ കുറവായ കിണറ്റിൽ ആൾമറയും ഇല്ലായിരുന്നു. വായുസഞ്ചാരമില്ലാത്ത കിണറായതിനാൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനവും വിഫലമായി.
വിവരം അറിഞ്ഞെത്തിയ കടയ്ക്കൽ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ ഡി.ഷിജു, എം.എൻ.ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഓക്‌സിജൻ മാസ്‌ക് ധരിച്ച് കിണറ്റിലിറങ്ങി. മൃതദേഹം വെള്ളത്തിൽ മുങ്ങിപ്പോയതിനാൽ പാതാളക്കരണ്ടി ഉപയോഗിച്ചാണ് ഉയർത്തി പുറത്തെടുത്തത്.
തുടർന്ന് ആംബുലൻസിൽ മൃതദേഹം കടയ്ക്കൽ താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. കടയ്ക്കൽ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ആട്ടിൻകുട്ടിയുടെ ജഡവും പുറത്തെടുത്തു.
കടയ്ക്കൽ ഫയർ സ്‌റ്റേഷനിലെ ഗ്രേഡ് സീനിയർ ഫയർ ഓഫീസർ ജയൻ, ഫയർ ഓഫീസർ വിനീത്, ഹോം ഗാർഡ് ഷിനുകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉണ്ണിക്കൃഷ്ണക്കുറുപ്പിന്റെ ഭാര്യ: ലളിതമ്മ. മക്കൾ: ഹരികൃഷ്ണൻ, അശ്വതി കൃഷ്ണ. മരുമകൻ: പരേതനായ രതീഷ്.