pk

പാരിപ്പള്ളി: ചവറ് കത്തിക്കുന്നതിനിടയിൽ തീയിൽ വീണ് വൃദ്ധൻ വെന്തുമരിച്ചു. കല്ലുവാതുക്കൽ വിലവൂർകോണം തീർത്ഥത്തിൽ രാജേന്ദ്രനാണ് (63) മരിച്ചത്. പൊലീസ് പറയുന്നത്: കല്ലുവാതുക്കൽ തൊളിക്കോട് മാടൻകാവിലെ ഉത്സവം കഴിഞ്ഞശേഷമുള്ള ചവറ് വൃത്തിയാക്കുന്നതിനിടയിൽ കൂട്ടിയിട്ട് കത്തിച്ചപ്പോൾ സമീപത്തെ റബ്ബർ തോട്ടത്തിലേക്ക് തീ ആളിപ്പടർന്നു. നാട്ടുകാർ ചേർന്ന് തീ കെടുത്തുന്നതിനിടയിൽ രാജേന്ദ്രൻ കാൽവഴുതി തീയിൽ വീഴുകയായിരുന്നു. തീ അണയ്ക്കുന്നതിനിടയിൽ രാജേന്ദ്രൻ തീയിൽ വീണത് നാട്ടുകാർ കണ്ടിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി രാജേന്ദ്രനെ കാണാനില്ലായെന്ന് അറിഞ്ഞതോടെ പരിസരവാസികൾ ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിനൊടുവിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. ഭാര്യ: സുധാമണി. മക്കൾ: രതീഷ്, സീന.