പലഭാഗത്തും കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങൾ
കൊല്ലം: വേനൽ കടുത്തതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാക്കനി. കിണറുകൾ വറ്റി വരണ്ടു. പലയിടത്തും കുടിവെള്ളം ലഭിച്ചിട്ട് മാസങ്ങളായി. മയ്യനാട് പഞ്ചായത്തിൽ വാഴപ്പള്ളി, ഉമയനല്ലൂർ നോർത്ത് വാർഡുകളിലെ പാർക്ക് മുക്ക്, കല്ലുകുഴി, പന്നിമൺ, പീടികമുക്ക്, കടമ്പാട്ടുമുക്ക് എന്നിവിടങ്ങളിലും പനയം പഞ്ചായത്തിൽ താന്നിക്കമുക്ക്, കണ്ടച്ചിറ, പാമ്പാലിൽ എന്നിവിടങ്ങളിലും പെരിനാട് പഞ്ചായത്തിലെ ഐ.ടി.ഐ വാർഡിൽ കേബിൾ മുക്ക്- കോട്ടവിള റോഡ്, മുകളു വിള- കോന്നിക്കാരൻ വിള, തോട്ടുംകര -ചരുവിള, കേബിൾ മുക്ക്- മാമ്പുഴ റോഡ് എന്നിവിടങ്ങളിലുമാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്.
പരാതിപ്പെട്ടിട്ടും ഫലമില്ല
മയ്യനാട്ടെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഒന്നാം വാർഡിലെ കോട്ടമുറി പമ്പ് ഹൗസിൽ നിന്ന് ഒന്ന്, രണ്ട് വാർഡുകളിൽ വെള്ളമെത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി സ്ഥിതി വീണ്ടും പഴയപടിയായി. കണ്ടച്ചിറയിൽ കുഴൽക്കിണർ ഉണ്ടെങ്കിലും അതിൽ പമ്പ് സ്ഥാപിച്ചിട്ടില്ല. കുഴിയത്തും കുഴൽ കിണറുണ്ടെങ്കിലും പ്രയോജനമില്ല. കിണറില്ലാത്തതിനാൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തെയാണ് പലരും ആശ്രയിക്കുന്നത്. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും ജല അതോറിട്ടിയിലും പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകരുടെ ആരോപണം.
വെള്ളം വിലയ്ക്കു വാങ്ങണം
ആഹാരം പാകം ചെയ്യാൻ വെള്ളമില്ലാത്തതിനാൽ ഒരു ദിവസം അഞ്ഞൂറ് രൂപയോളം മുടക്കി കുടിവെള്ളം പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ് പ്രദേശവാസികൾ.പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. പ്രദേശവാസികളിൽ ഭൂരിഭാഗവും കൂലിപ്പണിചെയ്ത് കുടുംബം പുലർത്തുന്ന നിർദ്ധനരായ തൊഴിലാളികളാണ്. കിട്ടുന്ന തുച്ഛമായ വരുമാനം വെള്ളം വാങ്ങാൻ കൊടുത്ത് തീർക്കേണ്ട സ്ഥിതിയാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. കുടിവെള്ളം സൗജന്യമായി എത്തിച്ചു കൊടുക്കാൻ വാട്ടർ അതോറിട്ടിയോ പഞ്ചായത്തോ തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
കുടിവെള്ളം കിട്ടാതെ ജനങ്ങൾ ബുദ്ധിമുട്ടിയിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല. പലതവണ കമ്മിറ്റിയിൽ പ്രശ്നം സൂചിപ്പിച്ചതാണ്. ഇനിയും പരിഹാരമായില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടിയുമായി മുന്നോട്ട് പോകും
റാഫി, ഉമയനല്ലൂർ നോർത്ത് ,
രണ്ടാം വാർഡ്,മയ്യനാട് പഞ്ചായത്ത്
സ്ഥലമുണ്ടായിട്ടും കുഴൽ കിണറിനുള്ള അനുമതി നിഷേധിക്കുകയാണ്. നിരവധി കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നട്ടംതിരിയുന്നത്
വിജയ ലക്ഷ്മി,ഐ.ടി.ഐ
വാർഡ്, പെരിനാട് പഞ്ചായത്ത്
ആറുമാസത്തിലധികമായി വെള്ളം കാശ് കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ്. ഈ ചൂടിലും കുടിവെള്ളം നിഷേധിക്കുന്നത് ക്രൂരതയാണ്
വി.പി.വിധു, കോൺഗ്രസ്
പനയം മണ്ഡലം പ്രസിഡന്റ്