
കൊല്ലം: ജില്ലയിലെ വലിയൊരു പ്രദേശത്തെ കുടിവെള്ളം മുട്ടിച്ച് ശാസ്താംകോട്ട തടാകത്തിൽ ജലനിരപ്പ് കുത്തനെ താഴുന്നു. കഴിഞ്ഞവർഷം ഇതേസമയം 150 സെന്റി മീറ്ററായിരുന്നു വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിന് സമീപത്തെ തടാകത്തിലെ ജലനിരപ്പ്. എന്നാൽ 118 സെന്റി മീറ്റർ മാത്രമാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ഓരോ വർഷവും ഒന്നര സെന്റി മീറ്റർ വീതം ജലനിരപ്പ് താഴുകയാണ്. വേനൽ കൂടുതൽ രൂക്ഷമായാൽ പ്രതിദിനം ഇടിയുന്ന ജലത്തിന്റെ അളവ് രണ്ട് സെന്റി മീറ്ററിലേക്ക് ഉയരും. ജലനിരപ്പ് 80 സെന്റി മീറ്ററായാൽ പമ്പ് ചെയ്യുന്ന ജലത്തിന്റെ അളവ് കുറയ്ക്കേണ്ടി വരും. വേനൽ മഴ ലഭിച്ചില്ലെങ്കിൽ ഒരുമാസത്തിനുള്ളിൽ ജല നിരപ്പ് 80 സെന്റിമീറ്ററിലേക്ക് താഴും.
നേരത്തെ കൊല്ലം കോർപ്പറേഷൻ അടക്കമുള്ള എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ ദിവസവും ശാസ്താംകോട്ടയിൽ നിന്ന് വെള്ളം എത്തിച്ചിരുന്നതാണ്. വരൾച്ചയിൽ ജലത്തിന്റെ ഉപഭോഗം വർദ്ധിച്ചതോടെ ഇപ്പോൾ എല്ലാ പ്രദേശങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ശാസ്താംകോട്ടയിൽ നിന്നുള്ള പമ്പിംഗ് കുറച്ചാൽ കൊല്ലം കോർപ്പറേഷൻ അടക്കമുള്ള സ്ഥലങ്ങളിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം ആഴ്ചയിൽ രണ്ട് ദിവസമായി ചുരുങ്ങുന്ന അവസ്ഥയുമുണ്ടാകും.
പ്രതിദിന പമ്പിംഗ് 3 കോടി ലിറ്റർ
പ്രതിദിനം 3 കോടി ലിറ്റർ വെള്ളമാണ് തടാകത്തിൽ നിന്ന് പമ്പ് ചെയ്യുന്നത്
കായലിൽ ജലനിരപ്പ് താഴുന്നതോടെ തടാകത്തിൽ പ്രത്യേക ബണ്ട് നിർമ്മിച്ച് മോട്ടോർ സ്ഥാപിച്ച് പമ്പ് ചെയ്യേണ്ടി വരും
ഈ സംവിധാനം കൂടുതൽ ദിവസം തുടരാനാകില്ല
തെന്മല ഡാമിലെ ജലനിരപ്പ് താഴുന്നതും കുടിവെള്ള വിതരണത്തെ ബാധിക്കും
കല്ലടയാറ്റിലെ എട്ട് കേന്ദ്രങ്ങളിൽ നിന്ന് ജലം ശേഖരിച്ച് വിതരണം നടത്തുന്നുണ്ട്
അഞ്ച് വർഷത്തിനിടയിലെ
ഏറ്റവും വലിയ ഇടിവ്
2018ലെ പ്രളയത്തിന് ശേഷം ആദ്യമായാണ് ശാസ്താംകോട്ട തടാകത്തിലെ ജലനിരപ്പ് ഇത്രയധികം താഴുന്നത്. 2018 മുതൽ 2021 വരെ ഈ സമയങ്ങളിൽ ജലനിരപ്പ് 155 സെന്റി മീറ്ററിന് മുകളിലായിരുന്നു.
കുടിവെള്ളം എത്തിക്കുന്നത്
കൊല്ലം കോർപ്പറേഷൻ ചവറ ശാസ്താംകോട്ട ശൂരനാട് തെക്ക് പോരുവഴി തേവലക്കര തെക്കുംഭാഗം പഞ്ചായത്ത്
തടാക വിസ്തീർണം: 4.75 ചതുരശ്ര കിലോമീറ്റർ
ഇപ്പോൾ: 3.75 ചതുരശ്ര കിലോമീറ്റർ (2020ലെ കണക്ക്)
തെന്മല ഡാമിൽ 71 % ജലം മാത്രം
തെന്മല ഡാമിൽ ആകെ സംഭരണ ശേഷിയുടെ 71 ശതമാനം ജലം മാത്രമാണ് നിലവിലുള്ളത്. 504.92 ദശലക്ഷം ക്യൂബാണ് ഡാമിന്റെ ആകെ സംഭരണ ശേഷി. നിലവിൽ 356.8 ദശലക്ഷം ക്യൂബ് ജലം മാത്രമാണുള്ളത്. നിലവിൽ സെക്കൻഡിൽ 27.19 മീറ്റർ ക്യൂബ് വെള്ളമാണ് വൈദ്യുതോൽപ്പാദനത്തിന് ഉപയോഗിച്ച് കല്ലടയാർ വഴി ഒഴുകിയെത്തുന്നത്.
തെന്മല ഡാമിലെ ജലത്തിന്റെ അളവ് കൂടുതൽ ഇടിഞ്ഞ് വൈദ്യുതോൽപ്പാദനം കുറയ്ക്കേണ്ടിവന്നാൽ കല്ലടയാറ്രിലെ ജലനരിപ്പ് താഴ്ന്ന് കുടിവെള്ള വിതരണം കൂടുതൽ പ്രതിസന്ധിയിലാകും.
വാട്ടർ അതോറിറ്റി അധികൃതർ