പുനലൂർ: സംസ്ഥാന വ്യവസായ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പുനലൂർ നഗരസഭയ്ക്ക്. വ്യവസായ മേഖലയിൽ ജില്ലയിൽ ഏറ്റവും മികച്ച പ്രവർത്തനങ്ങൾക്കുളള പുരസ്കാരമാണ് പുനലൂർ നഗരസഭയ്ക്ക് ലഭിച്ചത്. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് നേടിയത്. വനിതാ വ്യക്തിഗത സംരഭങ്ങളെ ലക്ഷ്യമാക്കി ഐക്കരക്കോണം കേന്ദ്രമാക്കി നടന്ന് വരുന്ന നിർമ്മാല്യം ന്യൂട്രിമിക്സ് അടക്കമുള്ള വിവിധ പദ്ധതികൾക്കാണ് പുരസ്കാരം ലഭിച്ചത്. തിരുവനന്തപുരം ഹിൽട്ടൻ ഗാർഡൻ ഇൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ വകുപ്പ് മന്ത്രി പി.രാജീവിൽ നിന്ന് നഗരസഭ ചെയർപേഴ്സൺ കെ.പുഷ്പലത പുരസ്കാരം ഏറ്റുവാങ്ങി. സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീയ പിള്ള,കൗൺസിലർമാരായ അജി ആന്റണി, നാസില ഷാജി, നഗരസഭ സെക്രട്ടറി എസ്.സുമയ്യ ബീവി, വ്യവസായ വികസന ഓഫീസർ കെ.സിന്ധു തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.