കൊല്ലം: കോർപ്പറേഷൻ സംഘടിപ്പിച്ച ഔദ്യോഗിക പരിപാടിയായ ലൈഫ് ഗുണഭോക്താക്കളുടെ സംഗമത്തിന്റെ വേദിയിലെത്തി ഇടത് സ്ഥാനാർത്ഥി വോട്ട് ചോദിച്ചതിൽ പ്രതിഷേധിച്ച് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ നിന്നും യു.ഡി.എഫ് അംഗങ്ങൾ വാക്കൗട്ട് നടത്തി. പൂക്കോട്ട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജി.പി അംഗങ്ങളും കൗൺസിൽ യോഗം ബഹിഷ്കരിച്ചു.
ലൈഫ് ഗുണഭോക്താക്കളുടെ സംഗമത്തിന്റെ നോട്ടീസിൽ ഇടത് സ്ഥാനാർത്ഥിയുടെ പേരില്ലായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ സ്ഥാനാർത്തിയെ വേദിയിലേക്ക് ക്ഷണിച്ച് വോട്ട് ചോദിക്കാൻ നിയമവിരുദ്ധമായ അവസരം ഒരുക്കിയതിനെതിരെ ആയിരുന്നു പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ, സ്ഥിരംസമിതി അദ്ധ്യക്ഷരായ എസ്.ജയൻ, യു.പവിത്ര, എസ്.ഗീതാകുമാരി കോർപ്പറേഷൻ സെക്രട്ടറി ആർ.എസ്.അനു എന്നിവർ കൗൺസിൽ യോഗത്തിൽ സംസാരിച്ചു.
യോഗം ബഹിഷ്‌കരിച്ച യു.ഡി.എഫ് കൗൺസിലർമാർ കവാടത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. സമരം കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജോർജ്ജ് ഡി.കാട്ടിൽ അദ്ധ്യക്ഷനായി. കെ.പി.സി.സി ജന. സെക്രട്ടറി എം.എം.നസീർ, സെക്രട്ടറി സൂരജ് രവി, ആർ.എസ്.പി നേതാവ് സുനിൽ,
എസ്.വിപിനചന്ദ്രൻ, ഡി.ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്, സുനിൽ ജോസ്, പുഷ്പാംഗദൻ, ഹംസത്ത് ബീവി, സുമി, സ്വർണമ്മ, ശ്രീദേവി അമ്മ, ടെൻസ, ദീപു ഗംഗാധരൻ എന്നിവർ സംസാരിച്ചു. ബി.ജെ.പി കൗൺസിലർമാരും നഗരസഭാ കവാടത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.