ഏരൂർ: ഏരൂർ ഗ്രാമ പഞ്ചായത്തിൽ നടന്നുവരുന്ന എല്ലാ മരാമത്ത് പണികളും നാളെ മുതൽ അനിശ്ചിത കാലത്തേയ്ക്ക് നിറുത്തി വയ്ക്കുന്നതായി ഓൾ കേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിലെ കരിമ്പിൻകോണം നാലേക്കർ റോഡ് റീ ടാറിംഗ് പ്രവർത്തികൾ നടക്കവേ കരാറുകാരനെ പ്രദേശവാസി മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തിലെ മുഴുവൻ പ്രവർത്തികളും നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്. കരിമ്പിൻകോണം സ്വദേശി സുബിൻ എന്നയാളാണ് കാരാറുകാരനും ഏരൂർ സ്വദേശിയുമായ സത്യരാജനെ മർദ്ദിച്ചത്. നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി സുബിന്റെ വീടിന്റെ മുൻഭാഗത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. മർദ്ദനത്തിൽ പരിക്കേറ്റ സത്യരാജൻ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ മർദ്ദിച്ച സുബിനെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും അടക്കമുള്ളവർ സ്വീകരിക്കുന്നതെന്ന് നേതാക്കൾ ആരോപിച്ചു. വാർഡ് അംഗം പലതവണ ആവർത്തിച്ചതിനാലാണ് കരാർ ഏറ്റെടുത്തത്. അതിനാൽ തന്നെ നിർഭയം പ്രവർത്തികൾ ചെയ്യുന്നതിനുള്ള സുരക്ഷ ഏർപ്പെടുത്തണം, മർദനത്തെ തുടർന്ന് പ്രവർത്തികൾ നിറുത്തിവച്ചതുമൂലം ഉണ്ടായ നഷ്ട്ടപരിഹാരം ലഭ്യമാക്കണം തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് കരാർ പണികൾ നിറുത്തി വയ്ക്കുന്നതെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.പുനലൂർ താലൂക്ക് യൂണിയൻ സെക്രട്ടറി അനീഷ് കുമാർ, ഓർഗനൈസിംഗ് സെക്രട്ടറി രാഹുലൻ പിള്ള, അരുൺ സഹദേവൻ, അഭിഷിക്ത് വിജയ്, സുദീനപിള്ള, സത്യരാജൻ പിള്ള തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.