
അഞ്ചൽ: ബന്ധുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടയിൽ കുത്തേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടിയറ വിഷ്ണു വിലാസത്തിൽ വിഷ്ണുവാണ് (33) മരിച്ചത്. കുത്തേറ്റ നെടിയറ കോയിപ്പാട്ട് വീട്ടിൽ ഭാസി (61) നേരത്തേ മരിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടോടെ അഞ്ചൽ കൊച്ചുകുരുവിക്കോണം ബിവറേജസ് ഔട്ട്ലെറ്റിന് സമീപമായിരുന്നു സംഭവം. ഇവിടുത്തെ സ്വകാര്യ സിമന്റ് ഗോഡൗണിലെ ജീവനക്കാരനായ ഭാസിയും ബന്ധുവായ ജയചന്ദ്രപ്പണിക്കരും തമ്മിൽ വാക്കുതർക്കമുണ്ടായി. വിവരമറിഞ്ഞ് ഭാസിയുടെ മകൻ മനോജും സുഹൃത്തായ വിഷ്ണവും സ്ഥലത്തെത്തി. തർക്കം സംഘർഷത്തിലേക്ക് നീങ്ങിയതോടെ ജയചന്ദ്രപ്പണിക്കർ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മൂന്നുപേരെയും കുത്തുകയായിരുന്നു. പരിക്കേറ്റ മനോജ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റിലായ ജയചന്ദ്രപ്പണിക്കർ റിമാൻഡിലാണ്. സുരേഖയാണ് വിഷ്ണുവിന്റെ ഭാര്യ.