
കൊല്ലം: സമൂഹത്തിലെ അനീതികൾ ചൂണ്ടിക്കാട്ടുന്ന ഉപാധിയായി സാഹിത്യ രചനകൾ മാറണമെന്ന് കവി പ്രഭാവർമ്മ പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ പ്രഥമ കലോത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യരചനാ മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫാത്തിമമാതാ നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിദൂര വിദ്യാഭ്യാസരംഗത്തെ പഠിതാക്കളെ കോർത്തിണക്കി സംഘടിപ്പിക്കുന്ന കലോത്സവം മറ്റ് യൂണിവേഴ്സിറ്റികൾക്ക് മാതൃകയാണെന്നും കലയിലൂടെയും സാഹിത്യ രചനയിലൂടെയും ജീവിതത്തിലെ സങ്കീർണഘട്ടങ്ങളെ മറികടക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റിയുടെ വിവിധ പഠന സഹായകേന്ദ്രങ്ങളിലായാണ് രചനാമത്സരങ്ങൾ സംഘടിപ്പിച്ചത്.
കലാമത്സരങ്ങൾ 9, 10 തീയതികളിൽ ശ്രീനാരായണഗുരു സമുച്ചയത്തിൽ അരങ്ങേറും. 93 ഇനങ്ങളിലായി 3500ത്തിൽപരം പഠിതാക്കൾ മാറ്റുരയ്ക്കും.
യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പി.എം.മുബാറക്ക് പാഷ അദ്ധ്യക്ഷനായി. സിൻഡിക്കേറ്റ് അംഗങ്ങളായ ബിജു കെ.മാത്യു, സി.ഉദയകല, ഫാത്തിമമാതാ നാഷണൽ കോളേജ് എൽ.എസ്.സി കോ ഓർഡിനേറ്റർ നവീൻ നസ്റത്ത്, കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ് ഗ്രേഷ്യസ് ജെയിംസ്, മറ്റ് ഭാരവാഹികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് കരാറുകാരുടെ സൂചന പണിമുടക്ക്
തിരുവനന്തപുരം: നിർമ്മാണമേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഗവ.കരാറുകാർ ഇന്ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നിർമ്മാണമേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ, ഉദ്യോഗസ്ഥ തലങ്ങളിൽ യാതൊരു ഇടപെടലുമില്ല. പണികൾ നിറുത്തിവച്ചും സമരം ചെയ്യാൻ കേരളത്തിലെ ഗവ.കരാറുകാർ നിർബന്ധിതരാകുകയാണെന്ന് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനവാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഹരികുമാർ, ജില്ലാ പ്രസിഡന്റ് മനാഫ് എന്നിവർ അറിയിച്ചു.
നഴ്സിംഗ് പ്രവേശനം
നീറ്റ് വഴിയാക്കണം:
നഴ്സിംഗ് വിദ്യാർത്ഥികൾ
കൊച്ചി: കേരളത്തിലെ ബി.എസ്സി നഴ്സിംഗ് പ്രവേശനം നീറ്റ് അടിസ്ഥാനമാക്കി നടത്തണമെന്ന് കേരളാ ബി.എസ്സി നഴ്സിംഗ് സ്റ്റുഡന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അധികഫീസ് നൽകാതെ വിവിധ മെഡിക്കൽ കോഴ്സുകളിലേക്ക് ഒരുമിച്ച് അപേക്ഷിക്കാം, മറ്റൊരു എൻട്രൻസിനു വേണ്ടി ചെലവഴിക്കുന്ന അദ്ധ്വാനവും സമയവും കുറയ്ക്കാം, 100 ശതമാനം സുതാര്യത തുടങ്ങിയവയാണ് ഇതിന്റെ ഗുണങ്ങൾ. നിലവിൽ എൽ.ബി.എസ് വഴി നടക്കുന്ന പ്രവേശനത്തിന്റെ സുതാര്യതയെപ്പറ്റി പരാതിയുള്ളതിനാൽ പ്രവേശന പരീക്ഷ നീറ്റ് വഴിയോ പ്രവേശന പരീക്ഷാ കമ്മിഷണർ വഴിയോ ആക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.