പുനലൂർ: നഗരസഭയിലെ പത്തേക്കർ വാർഡിലെ ജനവാസ മേഖലയിൽ സ്വകാര്യ ഭൂമിയിലെ റബർ വെട്ടി ഒഴിഞ്ഞ സ്ഥലത്ത് തീ പിടിച്ചു. 4 ഏക്കറിലെ കാടുകൾ കത്തി നശിച്ചു. തീ പടർന്ന് പിടിച്ചതോടെ സമീപ പ്രദേശത്തെ താമസക്കാർ കടുത്ത ആശങ്കയിലായി. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പുനലൂരിൽ നിന്നെത്തിയ 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കനത്ത വേനലിനെ തുടർന്ന് നിരവധി തവണ ഇവിടുത്തെ കാടുകൾക്ക് തീപിടിച്ചിരുന്നു. ഇത് സമീപത്തെ താമസക്കാർക്ക് ബുദ്ധിമുട്ടായതോടെ ഉടമയോട് കാട് നീക്കം ചെയ്യണമെന്ന് വാർഡ് കൗൺസിലർ ഷൈൻ ബാബു നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കാട് നീക്കം ചെയ്യാൻ ഉടമ തയ്യാറാവാതിരുന്നതാണ് വീണ്ടും തീ പിടിത്തമുണ്ടാകാൻ കാരണമായതെന്ന് വാർഡ് കൗൺസിലർ പറഞ്ഞു.