കൊല്ലം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഗവ. വിക്ടോറിയ ആശുപത്രിയിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. ജില്ലയിലെ അഞ്ച് വയസിൽ താഴെയുള്ള 144927 കുട്ടികൾക്ക് പ്രതിരോധ തുള്ളി മരുന്ന് നൽകി. വാക്സിൻ വിതരണത്തിനായി 1722 പോളിയോ ബൂത്തുകളാണ് സജ്ജീകരിച്ചത്.
തുള്ളിമരുന്ന് ലഭിക്കാത്തവർക്കായി ഇന്നും നാളെയുമായി വോളണ്ടിയർമാർ വീടുകളിലെത്തി തുള്ളിമരുന്ന് നൽകും. മേൽനോട്ടത്തിന് ജില്ലയിലെ 16 ആരോഗ്യ ബ്ലോക്കുകളിലും ജില്ലാ പ്രോഗ്രാം ഓഫീസർമാരെ ചുമതലപ്പെടുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ അദ്ധ്യക്ഷനായി. ജില്ലാ കളക്ടർ എൻ.ദേവിദാസ് മുഖ്യാതിഥിയായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഡി.വസന്തദാസ്, അഡിഷണൽ ഡയറക്ടർ ഡോ. എ.എൽ.ഷീജ, സൂപ്രണ്ട് മിനി.എസ്.നായർ, ഡോ. രജനി, ഡോ.ശരണ്യ ബാബു, മാസ് മീഡിയ ഓഫീസർമാരായ ദിലീപ് ഖാൻ, എസ്.ശ്രീകുമാർ, എം.സി.എച്ച് ഓഫീസർ സജിത എന്നിവർ സംസാരിച്ചു.