കൊല്ലം: ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാകാതെ സംസ്ഥാന സർക്കാർ ഭരണ പരാജയത്തിൽ ചരിത്രം സൃഷ്ടിച്ചെന്നും അധികാരത്തിൽ കടിച്ചുതൂങ്ങുന്നത് സംസ്ഥാനത്തിന് അപമാനമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
പ്രാഥമിക ഉത്തരവാദിത്തം പോലും നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ഏഴ് മാസത്തെ ക്ഷേമ പെൻഷനും യഥാസമയം ശമ്പളവും ഡി.എയും നൽകാനാകാത്തത് സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക അച്ചടക്കമില്ലായ്മയും കൊണ്ടാണ്.
കെ.എസ്.ആർ.ടി.സി ജീവനക്കാരെ പട്ടിണിക്കിട്ട് കഷ്ടപ്പെടുത്തുന്നതിന് സമാനമായ രീതിയിൽ സർക്കാർ ജീവനക്കാരെയും ബുദ്ധിമുട്ടിക്കുന്നതിന്റെ തുടക്കമാണ് ശമ്പളം മുടക്കൽ. വിവരസാങ്കേതികവിദ്യയെ മറയാക്കി ശമ്പളം മുടങ്ങിയതിനെ സാങ്കേതിക പ്രശ്നമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ധനമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പിണറായി സർക്കാർ ജനാധിപത്യ മര്യാദകൾ പാലിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.