ചവറ: പന്മന പഞ്ചായത്തിലെ ആണുവേലിൽ ഗവ.യു. പി സ്കൂളിന്റെ കോമ്പൗണ്ടിൽ കുഴൽക്കിണർ നിർമ്മിക്കാനുള്ള നീക്കം പന്മന പഞ്ചായത്ത് അധികൃതർ ഉപേക്ഷിക്കണമെന്ന് കെ.എസ്.ടി.എ ചവറ ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ വലിയ സ്ഥലപരിമിതി നിലനിൽക്കുകയാണ്. ഓട്ടിസം സെന്റർ ഉൾപ്പെടെ സ്കൂളിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികൾക്ക് ഇറങ്ങി നിൽക്കാനും കളിക്കാനുമുള്ള സ്ഥലം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം.

ആക്ഷേപങ്ങൾ അവസാനിപ്പിക്കണം

കുഴൽക്കിണർ നിർമ്മിച്ച് ജലക്ഷാമം പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. അതിന് മറ്റ് സ്ഥലങ്ങൾ കണ്ടെത്താമെന്നിരിക്കേ സ്കൂൾ സ്ഥലത്തിനായി വാശി പിടിക്കുന്നത് ശരിയല്ല. പൊതു വിദ്യാലയത്തെ ദുർബലപ്പെടുത്താനും ചില വ്യക്തികളുടെ താല്പര്യ സംരക്ഷണത്തിനുമുള്ള ശ്രമത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണം. പി.ടി.എ യും സ്റ്റാഫ് കൗൺസിലും വിദ്യാർത്ഥികളും ഉയർത്തുന്ന വിയോജിപ്പ് ഉൾക്കൊള്ളണം. ഇതിന്റെ പേരിൽ അദ്ധ്യാപകരെയും വിദ്യാഭ്യാസ ഉദ്യോസ്ഥരെയും പന്മന പഞ്ചായത്തിലെ ജന പ്രതിനിധികൾ ഭീഷണിപ്പെടുത്തുന്നതും ആക്ഷേപിക്കുന്നതും അവസാനിപ്പിക്കണമെന്നും കെ.എസ് .ടി. എ ചവറ ഉപജില്ലാ സെക്രട്ടറി എസ്. ഷൈൻ കുമാറും പ്രസിഡന്റ് ജോൺ ഫെർണാണ്ടസും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.