fidheries

കൊല്ലം: കൂട് മത്സ്യക്കൃഷി പദ്ധതിയിൽ ഫിഷറീസ് വകുപ്പ് നൽകിയ കരിമീൻ കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ജില്ലയിലെ എട്ട് മത്സ്യകർഷകർക്ക് ഒരുമാസം മുമ്പ് വിതരണം ചെയ്ത വിത്തുകളാണ് കൂട്ടത്തോടെ ചത്തത്. ഇതോടെ മത്സ്യകർഷകർക്ക് ഒരു സീസണും ഇക്കാലത്ത് ലഭിക്കേണ്ട വരുമാനവും പൂർണമായും നഷ്ടമായി.

പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് ജനുവരി അവസാനം ജില്ലയിലെ പന്ത്രണ്ടോളം കർഷകർക്ക് നൽകിയ കരിമീൻ കുഞ്ഞുങ്ങളാണ് ചത്തത്. ആകെ ചെലവിന്റെ 40 ശതമാനം കേന്ദ്ര സർക്കാരിൽ നിന്ന് സബ്സിഡി ലഭിക്കുന്നതാണ് പ്രധാനമന്ത്രി മത്സ്യ സമ്പത്ത് യോജന പദ്ധതി.

ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ തങ്ങൾ വാങ്ങാമെന്ന് കർഷകർ പറഞ്ഞിരുന്നെങ്കിലും ഫിഷറീസ് ഉദ്യോഗസ്ഥർ ഗുണനിലവാരമില്ലാത്ത വിത്തുകൾ അടിച്ചേൽപ്പിക്കുകയായിരുന്നു. ഒരു വിത്തിന് പത്ത് രൂപ വീതമാണ് കർഷകർക്കുള്ള സബ്സിഡിയിൽ നിന്ന് ഈടാക്കുന്നത്.

ഡിസംബറിൽ കായലിൽ കറയിറങ്ങി മത്സ്യങ്ങൾ കൂട്ടത്തോടെ ചാവുന്നതിനാൽ അതിന് മുമ്പേയാണ് കരിമീൻ കൃഷി പൂർത്തിയാക്കുന്നത്. ജനുവരിയിൽ കൃഷിയിറക്കി 11 മാസം കൊണ്ടാണ് വളർത്തിയെടുക്കുന്നത്. ഇപ്പോൾ രണ്ടുമാസം പിന്നിട്ടതിനാൽ കൂട് മത്സ്യകർഷകർക്ക് ഈ സീസൺ തന്നെ നഷ്ടമായിരിക്കുകയാണ്.

കരിമീൻ വിത്തുകൾ ചത്തുപൊങ്ങി

 മത്സ്യക്കുഞ്ഞുങ്ങളെ നൽകിയത് ഫിഷറീസ് വകുപ്പ്

 കാഞ്ഞിരകോട്, കുണ്ടറ, പെരിനാട് ഭാഗങ്ങളിൽ കൃഷി കായലിൽ കൂടൊരുക്കി

 ഇവർക്ക് നൽകിയത് ഉപ്പുരസമുള്ള വെള്ളത്തിൽ വളരാത്ത കുഞ്ഞുങ്ങളെ

 ഇതോടെ മത്സ്യവിത്തുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

ഓരോ കർഷകർക്കും നഷ്ടം - ₹ 8 ലക്ഷം

ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ ഗുണനിലവാരമില്ലാത്ത മത്സ്യവിത്തുകൾ നൽകിയതാണ് കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണം. കൃഷി ചെയ്യുന്ന ജലത്തിന്റെ സ്വഭാവം മനസിലാക്കാതെയാണ് വിത്ത് വിതരണം ചെയ്യുന്നത്.

ഫെബി സ്റ്റാലിൻ, മത്സ്യകർഷകൻ, കുണ്ടറ