ജംഗ്ഷൻ വികസനത്തിന് ഏറ്റെടുക്കുന്നത് 94.25 സെന്റ്

കൊല്ലം: പള്ളിമുക്ക് ജംഗ്ഷൻ വികസന പദ്ധതിക്ക് ആവശ്യമായ 94.25 സെന്റ് ഭൂമി ഏറ്റെടുത്ത് നൽകാൻ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) കളക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ ഏറെ നാളത്തെ കാത്തിരിപ്പാണ് നടപടികളിലേക്ക് കടക്കുന്നത്. ഗതാഗതക്കുരുക്കിൽ വലയുന്ന ജംഗ്ഷൻ വികസിപ്പിക്കണമെന്നത് നാടിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.

ജംഗ്ഷന്റെ ഹൃദയഭാഗത്ത് ഏകദേശം 430 മീറ്റർ നീളത്തിൽ മാത്രമാണ് വികസനം. ഈ ഭാഗത്ത് റോഡ് 21 മീറ്റർ വീതിയിൽ നാലുവരി പാതയാക്കും. ഇതിനായി ജംഗ്ഷനിൽ 1746 ചതുരശ്ര മീറ്റർ സ്ഥലം ഏറ്റെടുക്കും. ഇരുവശങ്ങളിലും ഓട നിർമ്മിച്ച് മുകളിൽ നടപ്പാതയൊരുക്കും. പാലത്തറ, ഇരവിപുരം റോഡുകളിലേക്ക് വാഹനങ്ങൾ തിരിയുന്ന ഭാഗത്ത് പ്രത്യേക ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. ഈ റോഡുകളുടെ വീതിയും പരിമിത ദൂരത്തിൽ 15 മീറ്ററായി വർദ്ധിപ്പിക്കും. പദ്ധതിയുടെ ഡി.പി.ആർ തയ്യാറായിട്ടുണ്ട്. കുറഞ്ഞത് പത്ത് കോടി രൂപയെങ്കിലും ഇതിനായി ചെലവാകും. സ്ഥലമേറ്റെടുക്കൽ നടപടികൾക്കുള്ള പ്രാഥമിക ചെലവായി 3.8 കോടി നേരത്തെ അനുവദിച്ചിരുന്നു.

സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മേവറം മുതൽ കാവനാട് വരെയുളള പാത വീതി കൂട്ടി വികസിപ്പിക്കുന്ന പദ്ധതിയിൽ പള്ളിമുക്ക് ജംഗ്ഷനും ഉൾപ്പെട്ടിരുന്നു. പള്ളിമുക്ക് ജംഗ്ഷൻ വികസനം പ്രത്യേകമായി വരുമ്പോൾ സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പദ്ധതിയിൽ നിന്ന് ഈ പ്രദേശം ഒഴിവാകും.

കുരുങ്ങി വലിഞ്ഞ് ജംഗ്ഷൻ

കൊല്ലം നഗരത്തിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന പ്രദേശമായ പള്ളിമുക്ക് ജംഗ്ഷനിൽ ഗതാഗത പ്രതിസന്ധി രൂക്ഷമാണ്. പാലത്തറ, ഇരവിപുരം റോഡുകളിൽ നിന്നുള്ള വാഹനങ്ങൾ വന്നുകയറുന്നതാണ് കുരുക്കിന്റെ ഒരു കാരണം. വീതിക്കുറവാണ് മറ്രൊരു പ്രശ്നം. ജംഗ്ഷനിലെ വ്യാപാര സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ വാഹന പാർക്കിംഗ് കാരണം കാൽനട യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ആഘോഷവേളകളിൽ വ്യാപാര സ്ഥാപനങ്ങളിൽ കൂടുതൽ ആളുകൾ എത്തുന്നതോടെ ജംഗ്ഷൻ സ്‌തംഭിക്കും. സാധാരണ ദിവസങ്ങളിൽ രാവിലെയും വൈകിട്ട് മുതൽ രാത്രി വൈകുന്നതുവരെയും ഇഴഞ്ഞിഴഞ്ഞാണ് ഇവിടെ വാഹനങ്ങൾ നീങ്ങുന്നത്. ജംഗ്ഷനോട് ചേർന്നുള്ള ഓഡിറ്രോറിയങ്ങളിൽ പാർക്കിംഗ് സൗകര്യമില്ല. അതിനാൽ വിവാഹമുള്ള ദിവസങ്ങളിൽ ഇവിടത്തെ ഗതാഗതക്കുരുക്ക് ഇരട്ടിയാകും.