കൊല്ലം: നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്പ്‌മെന്റ് കോർപ്പറേഷന്റെ (എൻ.സി.ഡി.സി) 2023-ലെ എക്‌സലൻസ് അവാർഡ് എൻ.എസ് സഹകരണ ആശുപത്രിക്ക്. മികച്ച ധനകാര്യ മാനേജ്‌മെന്റ്, ദീർഘവീക്ഷണത്തോടെയുള്ള ആസൂത്രണം, സഹകരണ സന്ദേശ പ്രചാരണം, കുറഞ്ഞ ചെലവിൽ സാധാരണക്കാരിലേക്ക് ഗുണമേന്മയുള്ള ചികിത്സ എത്തിക്കൽ, വാർഷിക ടേൺഓവറിലെ ക്രമാനുഗതമായ വർദ്ധനവ് എന്നീ സൂചകങ്ങൾ പരിഗണിച്ചാണ് കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള എൻ.സി.ഡി.സി ആശുപത്രിയെ അവാർഡിനായി തിരഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് രണ്ടാം വാരം സമ്മാനിക്കുമെന്ന് എൻ.സി.ഡി.സി റീജിയണൽ ഡയറക്ടർ കെ.എൻ. ശ്രീധരൻ അറിയിച്ചു.

2021ലും എൻ.സി.ഡി.സിയുടെ എക്‌സലൻസ് അവാർഡ് എൻ.എസ് സഹകരണ ആശുപത്രിക്കാണ് ലഭിച്ചത്. 2017-18ൽ സംസ്ഥാന സർക്കാരിന്റെ മികച്ച സഹകരണ ആശുപത്രിക്കുള്ള രണ്ടാം സ്ഥാനവും 2018-19, 2019-20, 2020-21, 2021-22 വർഷങ്ങളിൽ ഒന്നാം സ്ഥാനവും ആശുപത്രിക്കായിരുന്നു. 2022, 2023 വർഷങ്ങളിലെ സഹകരണ എക്‌സ്‌പോയിൽ മികച്ച പവിലിയനുള്ള ഒന്നാം സ്ഥാനവും ആശുപത്രിക്കാണ് ലഭിച്ചത്. സഹകരണ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2022-23ൽ സഹകരണ മന്ത്രിയുടെ പ്രഥമ പ്രത്യേക പുരസ്‌കാരം ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രന് ലഭിച്ചിരുന്നു.

തുടക്കത്തിൽ 75 കിടക്കകൾ, ഇപ്പോൾ 500

2006ൽ 75 കിടക്കകളും 80 ജീവനക്കാരുമായി പ്രവർത്തനം ആരംഭിച്ച ആശുപത്രി ഇപ്പോൾ 500 കിടക്കകളും 150 ഡോക്ടർമാരടക്കം 1640 ജീവനക്കാരുമുള്ള രാജ്യത്തെ സഹകരണ മേഖലയിലെ ഏറ്റവും വലിയ മൾട്ടിസൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്. 38 വിഭാഗങ്ങളിലായി ഏഴ് ലക്ഷത്തോളം പേർക്ക് പ്രതിവർഷം ചികിത്സ നൽകുന്നുണ്ട്. ബി.പി.എൽ വിഭാഗക്കാർക്ക് കിടത്തി ചികിത്സയിൽ 30 ശതമാനം വരെ ഇളവ്, മരുന്നുകൾക്ക് 10 മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ട്, മറ്റ് ആശുപത്രികളേക്കാൾ 30 മുതൽ 40 ശതമാനം വരെ ചികിത്സാ നിരക്കിൽ കുറവ് എന്നിങ്ങനെയുള്ള സേവനങ്ങളും ലഭ്യമാണ്. എൻ.എസ് ആയുർവേദ ആശുപത്രി, എൻ.എസ് മെമ്മോറിയൽ നഴ്‌സിംഗ് കോളേജ്, എൻ.എസ് ഡ്രഗ്‌സ് ആൻഡ് സർജിക്കðസ്, എൻ.എസ് പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് എന്നീ അനുബന്ധ സ്ഥാപനങ്ങളും ആശുപത്രിക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്.