ns
കനാൽ ചോർന്ന് ഭരണിക്കാവ് - ശാസ്താംകോട്ട റോഡിൽ വെള്ളം കെട്ടി കിടക്കുന്നു.

ശാസ്താംകോട്ട: വേനൽ കടുത്തതോടെ തുറന്നു വിട്ട കനാലിലെ ചോർച്ച നാട്ടുകാർക്ക് ദുരിതമാകുന്നു. യഥാസമയങ്ങളിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലിലാണ് പലയിടങ്ങളിലും ചോർച്ചയുണ്ടായത്. ഭരണിക്കാവിന് തെക്ക് ഭാഗത്തും, മനക്കര, സിനിമാ പറമ്പ്, തോപ്പിൽ മുക്ക് തുടങ്ങിയ സ്ഥലങ്ങളിലാണ് ചോർച്ചയുള്ളത്. ഇങ്ങനെ ചോരുന്ന വെള്ളം സ്ഥാപനങ്ങളുടെയും വീട്ടുമുറ്റങ്ങളിലൂടെയും ഒഴുകുകയാണ്.

അധികൃതർ തിരിഞ്ഞു നോക്കുന്നില്ല

ഭരണിക്കാവിൽ കനാൽ ചോരുന്ന വെള്ളം ശാസ്താംകോട്ട - ഭരണിക്കാവ് റോഡിലാണ് എത്തുന്നത്. മീറ്ററുകളോളം നീളത്തിൽ റോഡിൽ കെട്ടി കിടക്കുന്ന വെള്ളം വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വാഹനങ്ങൾ പോകുമ്പോൾ മറ്റ് വാഹനങ്ങളിലേക്കും സമീപത്തെ സ്ഥാപനങ്ങളിലേക്കും വെള്ളം അടിച്ചു കയറുകയാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കാലപ്പഴക്കത്താൽ കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് പോയിട്ട് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.