കുന്നത്തൂർ: ശാസ്താംകോട്ട, കടമ്പനാട് സെക്ഷൻ പരിധിയിൽപ്പെട്ട പ്രദേശങ്ങളിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കം പതിവാകുന്നതായി പരാതി. രാപ്പകൽ വ്യത്യാസമില്ലാതെയാണ് വൈദ്യുതി മുടങ്ങുന്നത്. ആഴ്ചകളായി ഇതാണ് അവസ്ഥ. ശാസ്താംകോട്ട ഇലക്ട്രിസിറ്റി ഓഫീസ് പരിതിയിൽപ്പെട്ട ഐ.സി.എസ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി നിലച്ചിട്ട് രണ്ടാഴ്ചയിലേറെയായി. കടമ്പനാട് സെക്ഷൻ പരിധിയിൽ പകൽ സമയത്ത് സെക്കന്റുകളുടെ ഇടവേളകളിൽ വൈദ്യുതി മുടങ്ങുകയാണ്. ഇതിനാൽ ടി.വി,ഫ്രിഡ്ജ്,മിക്സി അടക്കമുള്ളവ തകരാറിലാവുന്നത് പതിവാണ്.

പരാതികൾക്ക് നടപടിയില്ല

പത്തനംതിട്ട ജില്ലയിൽ പ്രവർത്തിക്കുന്ന കടമ്പനാട് സെക്ഷൻ പരിധിയിൽ കുന്നത്തൂർ,പോരുവഴി പഞ്ചായത്തുകളാണ് ഉൾപ്പെടുന്നത്. വൈദ്യുതി ഇല്ലാത്തതു കാരണം ഫാൻ പോലും ഉപയോഗിക്കാനാവാതെ ജനങ്ങൾ വെന്തുരുകുകയാണ്. രാത്രിയിലും ഇതാണ് അവസ്ഥ.ഉപഭോക്താക്കളും ജനപ്രതിനിധികളും ഇലക്ട്രിസിറ്റി ഓഫീസിൽ അറിയിച്ചാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്ന് പരാതിയുണ്ട്.

വൈദ്യുതി മുടങ്ങുന്നത് സംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ സമരം ആരംഭിക്കും.

വൈ.ഷാജഹാൻ

ബ്ലോക്ക് പഞ്ചായത്ത് അംഗം