d

കൊല്ലം: പെരിനാട് വെട്ടിലിൽ ഭാഗത്തെ ജലക്ഷാമത്തിനും വെള്ളക്കെട്ടിനും പരിഹാരം കാണാൻ പെരിനാട് ഇടവട്ടം വെട്ടിലിൽ തലക്കുളം പുനർനിർമ്മിക്കും. പെരിനാട് ഗ്രാമപഞ്ചായത്തിൽ ചിറക്കോണം 7-ാം വാർഡിലാണ് കുളം സ്ഥിതി ചെയ്യുന്നത്. ജില്ലാ പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 33 ലക്ഷം രൂപ വിനിയോഗിച്ച് ജില്ലാ പഞ്ചായത്തും സോയിൽ കൺസർവേഷനും ചേർന്ന് പത്ത് സെന്റിലായി അഞ്ച് മീറ്റർ ആഴത്തിലാണ് കുളം പുനർനിർമ്മിക്കുക. ടെണ്ടർ നടപടികളും ലെവലിംഗും പൂർത്തിയായി. ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃ‌തർ പറഞ്ഞു. നാലുമാസത്തിനുള്ളിൽ പണി പൂ‌ർത്തിയാക്കാനാണ് ശ്രമം. നാലു വശവും സംരക്ഷണ ഭിത്തിയും നെറ്റും സ്ഥാപിക്കും.

ഭാവിയിൽ കുടിവെള്ള വിതരണവും

കുണ്ടറ, മുക്കട, ഇളമ്പള്ളൂർ, നാന്തിരിക്കൽ, ചിറയിൽ, ഏഴാംകുറ്റി എന്നീ പ്രദേശത്തെ മഴവെള്ളം ഒഴുകിയെത്തുന്നത് ഇവിടെ സംഭരിക്കും. മിച്ചം വരുന്ന വെള്ളം ചിറക്കോണം ഏലാത്തോട് വഴി കണ്ടച്ചിറ ചീപ്പിലേക്കും അവിടെ നിന്ന് കായലിലേക്കും ഒഴുക്കി വിടും. സംഭരണി എന്ന നിലയിൽ നിർമ്മിക്കുന്ന തലക്കുളം പിന്നീട് ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന തരത്തിലേക്ക് മാറ്റും. ഒരു കാലത്ത് പ്രദേശത്തെ നീരുറവയായിരുന്ന തലക്കുളത്തിന് 150 വർഷത്തെ പഴക്കമുണ്ട്. വർഷങ്ങളായി ആരും ശ്രദ്ധിക്കാതിരുന്നതിനാൽ കുളം നശിച്ചു. ഇപ്പോൾ മണ്ണും ചെളിയും നിറഞ്ഞ് ആഴം കുറഞ്ഞ നിലയിലാണ് . ചുറ്റും പാഴ്ച്ചെടികളും പടർപ്പും നിറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഇവയെല്ലാം വെട്ടി വൃത്തിയാക്കും.

കുളം നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്ത് വേനൽക്കാലത്ത് ഉണ്ടാകുന്ന രൂക്ഷമായ ജലക്ഷാമത്തിന് പരിഹാരമാകും. കൂടാതെ മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നതും കുളം വരുന്നതോടെ ഇല്ലാതാകും.

- ജാഫി മജീദ്, ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ,

പെരിനാട് ഗ്രാമപഞ്ചായത്ത്