
#ഇടുക്കി സ്വദേശികളായ രണ്ടുപേർക്ക് പരിക്ക്
കൊല്ലം: ഇസ്രയേലിൽ ലെബനീസ് തീവ്രവാദികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ കൊല്ലം വാടി കാർമ്മൽ കോട്ടേജ് പനമുട്ട് പുരയിടത്തിൽ ആന്റണി മാക്സ്വെല്ലിന്റെ മകൻ പാറ്റ് നിബിൻ മാക്സ്വെൽ (31) കൊല്ലപ്പെട്ടു. ഇടുക്കി ചെറുതോണി തൊട്ടിയിൽ വീട്ടിൽ ബുഷ് ജോർജ്ജ് (30), ഇടുക്കി സ്വദേശി പോൾ മെൽവിൻ എന്നിവരടക്കം അഞ്ച് പേർക്ക് പരിക്കേറ്റു. പോൾ മെൽവിന്റെ നില ഗുരുതരമാണ്. മുഖത്തും ശരീരത്തും പരിക്കേറ്റ ബുഷ് ജോർജ്ജ് ശസ്ത്രക്രിയയ്ക്ക് ശേഷം ബെല്ലിൻസൺ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ നാല് ദിവസമെങ്കിലും വേണം. മൃതദേഹം സ്വീവ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30നായിരുന്നു ആക്രമണം. വടക്കൻ അതിർത്തിയും കൃഷി പ്രദേശവുമായ ഗലീലി മേഖലയിലെ മൊഷാവിലാണ് മിസൈൽ പതിച്ചത്. നിബിൻ ഉൾപ്പെടെ നിരവധി മലയാളികളാണ് ഇവിടെയുള്ള കോഴി ഫാമിൽ ജോലി ചെയ്തിരുന്നത്.
ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധമുള്ള ഷിയ ഹിസ്ബുള്ള വിഭാഗമാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ എംബസി ട്വീറ്റ് ചെയ്തു.
നിബിന് പരിക്കേറ്റെന്നും ആശുപത്രിയിലാണെന്നും ഇസ്രയേലിലെ എമിറേറ്റ്സ് ബാങ്ക് ജീവനക്കാരനായ സഹോദരൻ നിവിൻ മാക്സ്വെൽ തിങ്കളാഴ്ച വൈകിട്ട് 4.30ന് വീട്ടുകാരെ അറിയിച്ചിരുന്നു. പിന്നീട് രാത്രി 12.45ന് മരണവാർത്തയാണ് അറിയിച്ചതെന്ന് പിതാവ് മാക്സ്വെൽ പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നിന്ന് ആരും ബന്ധപ്പെട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തതായി കേന്ദ്രമന്ത്രി വി.മുരളീധരനും നോർക്ക റൂട്ട്സ് അധികൃതരും ഫോണിലൂടെ പിതാവിനെ അറിയിച്ചു.
നിബിന്റെ അമ്മ: റോസ്ലി മാക്സ്വെൽ: മറ്റൊരു സഹോദരൻ: പാറ്റ്സൺ മാക്സ്വെൽ (അബുദാബി).
ഭാര്യ ഏഴുമാസം ഗർഭിണി
നിബിന്റെ ഭാര്യ സിയോണ ഏഴ് മാസം ഗർഭിണിയാണ്.നാട്ടിലുണ്ട്. മകൾ: ആമിയ. നിബിന്റെ ഭാര്യാ മാതാവ് സിന്ധു, ഭാര്യാ സഹോദരി ഫെബിന, ഇവരുടെ ഭർത്താവ് അഖിൽ എന്നിവരും ഇസ്രയേലിലാണ്.
ഷാർജയിൽ മാൻപവർ സപ്ലൈ കമ്പനിയിലായിരുന്ന നിബിൻ ഇസ്രയേൽ വിസ ലഭിച്ചതിനെ തുടർന്ന് ആ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. കഴിഞ്ഞ ജനുവരിയിൽ സഹോദരനൊപ്പം ഇസ്രയേലിലേക്ക് പോകുകയായിരുന്നു. ഇരുവരും വിദൂര സ്ഥലങ്ങളിലാണ് ജോലി ചെയ്തിരുന്നത്.