ആര്യങ്കാവ് : വനമേഖലയോട് ചേർന്നു കിടക്കുന്ന ആര്യങ്കാവ് പഞ്ചായത്തിലെ ഇരുളൻകാട് ,ഫ്ലോറൻസ്,വെഞ്ച്വർ മേലെ ആനച്ചാടി, താഴെ ആനച്ചാടി മേഖലകളിൽ കൃഷിക്കും ജീവനും കടുത്ത ഭീഷണിയായി കാട്ടുമൃഗങ്ങൾ. മനുഷ്യ ജീവൻ നഷ്‌ടപ്പെട്ട സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടില്ലെങ്കിലും വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്നതും കൃഷി നശിപ്പിക്കുന്നതും സാധാരണ സംഭവമായി മാറി. വനാതിർത്തിയോട് ചേർന്നു മേഞ്ഞു നടന്ന പശുക്കിടാവുകളെ പുലി പിടിച്ച നിരവധി സംഭവങ്ങളുണ്ടായി.
നഷ്‌ടപരിഹാരത്തിനും തടസങ്ങൾ
പശുക്കിടാവുകൾ നഷ്‌ടപ്പെട്ട ചില സംഭവങ്ങളിൽ നഷ്‌ടപരിഹാരത്തിന് സാങ്കേതിക വാദങ്ങൾ തടസമായി.വനം അധികൃതരുടെ സാന്നിധ്യത്തിൽ മൃഗസംരക്ഷണ വകുപ്പ് അധികൃതർ പോസ്‌റ്റ് മോർട്ടം നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ധന സഹായത്തിന് ശുപാർശ ചെയ്യുന്നത്.എന്നാൽ കൊല്ലപ്പെട്ട വളർത്തു മൃഗത്തിന്റെ ജഡം കിട്ടാത്തതിന്റെ പേരിൽ സഹായം ലഭിക്കുന്നതിന് തടസങ്ങൾ നേരിട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പശുവിന് പരമാവധി തുക അറുപതിനായിരവും ആടിന് ഇരുപതിനായിരവുമാണ് മൂല്ല്യം കണക്കാക്കുന്നത്.
കൃഷി നശിപ്പിക്കുന്നു
കുരങ്ങും മലയണ്ണാനും വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഇവ പൊഴിച്ചിടുന്ന ഇളനീരും തേങ്ങയും കാട്ടുപന്നി കൊണ്ടു പോകുന്നു. വന്യജീവികൾ കാടിറങ്ങുന്നത് തടയാൻ സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്റെ വിഹിതം അനുവദിക്കുമെന്ന് കേട്ടെങ്കിലും തീരുമാനം ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു.
നാൽപ്പത് മൂട് തെങ്ങുണ്ടെങ്കിലും തേങ്ങ വില കൊടുത്തു വാങ്ങുകയാണ്.പശുക്കളെ പുലി പിടിച്ചാൽ അകിടും തുടയുമുൾപ്പടെയുള്ള മാംസളമായ ഭാഗമാെഴിച്ചുള്ളവ ഉപേക്ഷിച്ചു പോകും. ബാക്കിവയുള്ളവ ചെന്നായ്‌ക്കളും പട്ടികളും വലിച്ചു കൊണ്ടു പോകും. ദിവസങ്ങൾക്ക് ശേഷം ദുർഗന്ധം വമിക്കുമ്പോഴായിരിക്കും അറിയുന്നത്. ഇരയാക്കുന്ന വളർത്തു മൃഗത്തിന്റെ ജഡമുണ്ടെങ്കിലെ നഷ്‌ടപരിഹാരം കിട്ടുകയുള്ളുവെന്ന് കാട്ടുമൃഗത്തിനോട് പറയാൻ കഴിയുമോ?
ശകുന്തള ദേവരാജ്
സെക്രട്ടറി
എസ്.എൻ.ഡി.പി യോഗം
2734 ാം നമ്പർ ഫ്ലോറൻസ് ശാഖ
കഴുതുരുട്ടിയിൽ നിന്ന് ഇരുളൻകാട്,ഫ്ലോറൻസ്,വെഞ്ച്വർ,താഴെ ആനച്ചാടി, മേലെ ആനച്ചാടി എന്നിവടങ്ങളിലേക്കുള്ള ഏകപാതയിൽ മിക്കപ്പോഴും കാട്ടാനകളുടെ സാന്നിധ്യമുണ്ട്.കുട്ടികളും സ്‌ത്രീകളും തനിയെ പോകാൻ ഭയക്കുന്നു.
ഗംഗപ്രസാദ്
മുൻ പ്രസിഡന്റ്
എസ്.എൻ.ഡി.പി യോഗം
2734 ാം നമ്പർ ഫ്ലോറൻസ് ശാഖ
വനാതിർത്തിയിൽ സൗരോർജ്ജ വേലിക്കുള്ള വിഹിതം പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിനിമം 25 സെന്റുള്ളവർക്ക് പുരയിടങ്ങളിൽ ലോഹവേലി നിർമ്മാണത്തിന് 50 ശതമാനം സബ്‌സിഡി നൽകുന്ന മറ്റൊരു പദ്ധതിയും പ്രാബല്ല്യത്തിലുണ്ട്.
എസ്. ജയരാജ്
വെഞ്ച്വർ വാർഡ് മെമ്പർ
ആര്യങ്കാവ് പഞ്ചായത്ത്